രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം;  കേരളാ പോലീസിന്‍റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ദേശീയതലത്തിലേയ്ക്ക്

കേരളാ പോലീസിന്‍റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ദേശീയതലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ജൂലൈ 21 ന് ഹരിയാനയിലെ ഗുര്‍ഗാവില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഇതോടെ രാജ്യത്തിന് കേരളം വീണ്ടും മാതൃകയാവുകയാണ്

കേരളാ പോലീസിന്‍റെ ഏക്കാലത്തേയും അഭിമാന പദ്ധതിയായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യം മു‍ഴുവന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത് .ഈ വരുന്ന ജൂലൈ 21 ന് ഹരിയാനയിലെ ഗുര്‍ഗാവില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് ഇതു സംബന്ധിച്ച ദേശീയ പ്രഖ്യാപനം നടത്തും.

ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവില്‍ വരും.2006 ലാണ് കേരളത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിക്കപ്പെട്ടത്. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വവികാസവും ഉറപ്പുവരുത്തുന്നതിനാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്.

കേരളത്തിലെ വിജയകരമായ നടത്തിപ്പിനെ തുടര്‍ന്ന് ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയും, തുടര്‍ന്ന് ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ദേശീയ പ്രഖ്യാപനവേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും കുട്ടികളും ഉള്‍പ്പെടെയുള്ള 26 അംഗസംഘം ഗുര്‍ഗാവിലെത്തും.

ഇന്‍റലിജന്‍സ് എ ഡി ജി പി റ്റി.കെ. വിനോദ് കുമാര്‍, ഈ പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഐ ജി പി. വിജയന്‍ എന്നിവര്‍ കേരള സംഘത്തിന് നേതൃത്വം നല്‍കും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യ വ്യാപകമായി നടപ്പിലാക്കുന്നതോടെ കേരളം ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃകയാവുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here