കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിന് സജ്ജമായതോടെ ജില്ലയിലെ വാണിജ്യ- വിനോദ സഞ്ചാര മേഖലയും ചിറക് വിരിക്കാൻ ഒരുങ്ങുകയാണ്.

കണ്ണൂർ പ്രധാന കയറ്റുമതി കേന്ദ്രമാകുന്നതോടെ വടക്കൻ കേരളത്തിലെ കാർഷിക മേഖലയ്ക്കും ഉണർവുണ്ടാകും. കൈത്തറി ഉൾപ്പെടെ പരമ്പരാഗത വ്യവസായ മേഖലയും പ്രതീക്ഷയിലാണ്.

സെപ്റ്റംബർ മാസത്തിൽ കണ്ണൂരിൽ നിന്നും വിമാനം പറന്നുയരാൻ ഒരുങ്ങുമ്പോൾ വടക്കൻ കേരളത്തിലെ വാണിജ്യ വ്യവസായ വിനോദ സഞ്ചാര മേഖലയും പരമ്പരാഗത വ്യവസായ മേഖലയും പുത്തൻ ഉണർവിലാണ്.

4000 മീറ്റർ റൺവെയുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുമ്പോൾ കണ്ണൂർ വിമാനത്താവളം പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാകും.

മലബാറിന്റെ കാർഗോ ഹബ്ബാക്കി കണ്ണൂരിനെ മാറ്റുക എന്നതാണ് ലക്‌ഷ്യം.7000 ടൺ എയർ കാർഗോ കയറ്റുമിക്കുള്ള സംവിധാനങ്ങളാണ് കണ്ണൂരിൽ ഒരുക്കുന്നത്.

പഴം പച്ചക്കറി,മത്സ്യം തുടങ്ങിയവയ്ക്ക് കയറ്റുമതി സാധ്യത ഏറുന്നതോടെ കർഷകർക്ക് വലിയ അവസരങ്ങൾ തുറന്നു കിട്ടും.

മലബാറിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർധനവുണ്ടാകും എന്നാണ് പ്രതീക്ഷ.

കണ്ണൂർ ജില്ലയിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലയായ കൈത്തറിക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ സ്ഥാനം ഉറപ്പിക്കാനും കണ്ണൂർ വിമാനത്താവളം വഴി തുറക്കും.

കാർഗോ കോംപ്ലെക്സ്,കോൾഡ് സ്റ്റോറേജ് എന്നിവയുടെ നിർമാണം ഉടൻ പൂർത്തിയാകും.