സഞ്ചാരികളെ കാത്ത്; അണിഞ്ഞൊരുങ്ങി കോ‍ഴിക്കോട് ബീച്ച്; സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായി – Kairalinewsonline.com
Featured

സഞ്ചാരികളെ കാത്ത്; അണിഞ്ഞൊരുങ്ങി കോ‍ഴിക്കോട് ബീച്ച്; സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായി

2016 ജൂണില്‍ ആരംഭിച്ച നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അണിഞ്ഞൊരുങ്ങി കോഴിക്കോട് സൗത്ത് ബീച്ച്. സൗന്ദര്യവത്ക്കരണം പൂര്‍ത്തിയാക്കിയ സൗത്ത് ബീച്ചിന്റെ ഉദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

മലബാര്‍ ടൂറിസത്തെ മുന്‍ നിര്‍ത്തിയാണ് ഇത്തവണത്തെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നതെന്ന് ടൂറിസംമന്ത്രി അറിയിച്ചു.

കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വായാണ് സൗത്ത് ബിച്ചിന്റെ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായത്.

2016 ജൂണില്‍ ആരംഭിച്ച നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. സൗത്ത് കടല്‍പാലത്തിന് തെക്ക് ഭാഗത്ത് നിന്ന് 800 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് ആദ്യഘട്ട നവീകരണം പൂര്‍ത്തിയായത്.

കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന വൃത്താകൃതിയിലുളള വ്യൂ പോയിന്റാണ് ബീച്ചിലെ പ്രധാന ആകര്‍ഷണം. ഷെല്‍ട്ടര്‍, കടലിലേക്ക് ഇറങ്ങാനുളള പടവുകള്‍, അലങ്കാര വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ബീച്ച് സൗന്ദര്യവത്ക്കരണ പൂര്‍ത്തീകരണ പദ്ധതി ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

വിദേശ രാജ്യങ്ങളിലെ ബീച്ച് മാതൃകയിലാണ് കോഴിക്കോട് സൗത്ത് ബീച്ചിന്റെ രൂപകല്‍പ്പന. 3.85 കോടി രൂപ ചെലവഴിച്ചാണ് ഭിന്നശേഷി സൗഹൃദം കൂടിയായ ബീച്ചിന്റെ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയാക്കിയത്.

ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല.

To Top