ബോക്സ് ഓഫീസിൽ സഞ്ജു നേടുന്ന അപൂർവ വിജയത്തിൽ ബോളിവുഡ് ഒന്നടങ്കം അഭിനന്ദിക്കുന്നത് രൺബീർ കപൂറിനെയാണ്.

സഞ്ജുവായി ചിത്രത്തിൽ രൺബീർ ജീവിക്കുകയായിരുന്നുവെന്നാണ് നിരൂപകരും എഴുതിപിടിപ്പിച്ചത്.

രാജ്‌കുമാർ ഹിറാനി അണിയിച്ചൊരുക്കിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ പണം വാരി പടമായി മാറി കഴിഞ്ഞു.

സഞ്ജുവും രൺബീറും പങ്കു വയ്ക്കുന്ന പ്രത്യേക സൗഹൃദവും സിനിമയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.

സഞ്ജുവിന്റെ മാനറിസങ്ങൾ എളുപ്പത്തിൽ സ്വായത്തമാക്കാനും സ്‌ക്രീനിൽ പകർന്നാടാനും സഹായിച്ചതും താരങ്ങൾ കാത്തു സൂക്ഷിക്കുന്ന മാനസികമായ അടുപ്പം തന്നെയാണെന്ന് അണിയറ പ്രവർത്തകരും സമ്മതിക്കുന്നു.

മുന്നഭായിയുടെ മൂന്നാം ഭാഗത്തിൽ ബാബ സഞ്ജയ് ദത്തിനോടൊപ്പം ആരാധകർ കാണുവാൻ ഇഷ്ടപ്പെടുന്നത് രൺബീറിനെയാണെന്നാണ് ബോളിവുഡിലെ പാപ്പരാസികൾ ഇപ്പോൾ പറഞ്ഞു പരത്തുന്നത്.

സഞ്ജുവായി രൺബീർ കാഴ്ച വച്ച പ്രകടനം ചിത്രം കണ്ടവരെല്ലാം വാഴ്ത്തുകയാണ്. അത് കൊണ്ട് തന്നെ ഈ വിജയത്തിന്റെ നേട്ടം കൊയ്യാൻ രണ്ടു താരങ്ങളെയും ഒരുമിച്ചണിനിരത്തിയാലുള്ള രസതന്ത്രത്തെ കുറിച്ചാണ് പുതിയ ആലോചനകൾ.

മുന്നാഭായിയുടെ മൂന്നാം ഭാഗത്തിൽ അർഷാദ് വർഷി അഭിനയിച്ച സർക്യൂട്ടിന്റെ റോൾ രൺബീറിനു നൽകുവാനുള്ള സാധ്യതകളാണ് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങൾ ചർച്ച ചെയ്യുന്നത്.

എന്നിരുന്നാലും പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയ അർഷാദ് വർഷിയുടെ കഥാപാത്രമായി രൺബീറിനെ മുന്നാഭായ് ആരാധകർ സ്വീകരിക്കുമോയെന്ന കാര്യവും അണിയറ പ്രവർത്തകരെ ചിന്തിപ്പിക്കുന്നുണ്ട്