കേരളം ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ സമീപിച്ചത് അവകാശങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഔദാര്യത്തിനല്ല. സംസ്ഥാന നിയമസഭ ഐകകണേ്ഠ്യന അംഗീകരിച്ച പ്രമേയവും സർവ്വകക്ഷിയോഗം കൈക്കൊണ്ട തീരുമാനവും സംസ്ഥാനത്തെ പാർലമെന്റ് അംഗങ്ങളുടെ യോഗം അംഗീകരിച്ച പ്രമേയവും അടിസ്ഥാനമാക്കിയാണ് സർവ്വകക്ഷിസംഘം നിവേദനവുമായി ഡൽഹിയിലേക്ക് പോയത്.

നാലുതവണ കൂടിക്കാഴ്ചയ്ക്കായി അനുമതി തേടിയപ്പോൾ പ്രധാനമന്ത്രി നിഷേധിച്ചു. അത് കേരളീയരെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നപ്പോൾ ഒടുവിൽ ജൂലൈ 19ന് കൂടിക്കാഴ്ചക്കുള്ള അനുമതി ലഭിച്ചു. അത് കേരളജനതയെ വീണ്ടും അപമാനിക്കാനാണെന്ന് ആരും കരുതിയില്ല.

ഏഴ് പ്രധാന കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത്. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന് മുമ്പ് 16 ലക്ഷം ടൺ ഭക്ഷ്യധാന്യം ലഭിച്ചിരുന്നുവെങ്കിൽ പിന്നീട് 14.25 ലക്ഷം ടണ്ണായി കുറച്ചു. ഇതുമൂലം മുൻഗണന ഇതര വിഭാഗത്തിൽപെട്ട 45 ലക്ഷം കുടുംബങ്ങൾക്ക് റേഷനരി നൽകാൻ കഴിയുന്നില്ല.

അതുകൊണ്ടാണ് 7.23 ലക്ഷം ടൺ ഭക്ഷ്യധാന്യം അധികമായി നൽകണമെന്ന് ആവശ്യപ്പെട്ടത്. ഭക്ഷ്യ കമ്മിയുള്ള സംസ്ഥാനമായതിനാലാണ് എ.കെ.ജി. അടക്കം നടത്തിയ ഉജ്ജ്വലമായ സമരത്തെ തുടർന്ന് സ്റ്റാറ്റിയൂട്ടറി റേഷൻ അനുവദിച്ചത്. അതു നിഷേധിക്കുന്ന കേന്ദ്ര സർക്കാർ മലയാളികളെ പട്ടിണിക്കിടുകയാണ്.

കേന്ദ്ര ബജറ്റിൽ കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങൾക്ക് കോച്ച് ഫാക്ടറി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും അത് നടപ്പാക്കി. കേരളത്തോട് കടുത്ത അവഗണന കാട്ടി. ദേശീയ തീർത്ഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള റെയിൽപാതയുടെ ചെലവ് മുഴുവൻ കേന്ദ്രം നിർവ്വഹിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്.

കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനമാക്കി ഇ.എസ്.എ ബാധകമാക്കിയപ്പോൾ സംസ്ഥാനത്തെ 126 വില്ലേജുകളിലെ ജനങ്ങൾ പ്രയാസത്തിലായി ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽപെട്ടു. വികസനപ്രവർത്തനങ്ങൾ നിലച്ചു. ഇത് പരിഹരിക്കണമെന്ന ആവശ്യം ശാസ്ത്രീയപഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് സഹിതമാണ് ബദൽ നിർദ്ദേശമായി സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചത്.

1978ൽ 700 ഏക്കർ ഭൂമി സംസ്ഥാന സർക്കാരാണ് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ വെല്ലൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ആരംഭിക്കുന്നതിന് നൽകിയത്. അത് സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ 78ലെ കരാറിലെ വ്യവസ്ഥയായ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത് തെറ്റാണോ?

കണ്ണൂരിൽ കോസ്റ്റൽ ഗാർഡ് അക്കാദമിക്ക് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേന്ദ്രത്തിന് നൽകിയതാണ്. പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കോച്ച് ഫാക്ടറിയെപ്പോലെ കോസ്റ്റൽ അക്കാദമിയും ‘കോച്ചിക്കൊണ്ട്’ പോകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് പാടില്ലെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

ദുരിതം വിതറിയ കാലവർഷക്കെടുതിയായിരുന്നു ഇത്തവണ. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സംഘത്തെ നാശനഷ്ടം പഠിക്കാനായി അയക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കാനെടുത്ത തീരുമാനം മാത്രമാണ് ആശ്വാസകരമായത്.

ഓഖി ദുരന്തമുണ്ടായപ്പോൾ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജിനായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചപ്പോൾ യാതൊന്നും കിട്ടിയില്ല. കേന്ദ്രസംഘത്തിന്റെ വരവിനെ സ്വാഗതം ചെയ്യുമ്പോൾ തന്നെ ഓഖിപോലെ ആകരുത് എന്നാണ് മലയാളികളുടെ അഭ്യർത്ഥന.

ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരു ജനതയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് സ്വീകരിക്കുന്നത് എന്ന് തെളിയിക്കുംവിധത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഔദാര്യത്തിനല്ല ഒരു ജനതയുടെ അവകാശങ്ങൾക്കുവേണ്ടിയാണ് ചോദിച്ചത്. പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമ്പോൾ മലയാളികൾ ഒറ്റക്കെട്ടായി പ്രതിഷേധത്തിലൂടെ കേന്ദ്രസർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തുകയാണ്.

അവകാശങ്ങൾക്കായി പൊരുതുകയല്ലാതെ മറ്റു മാർഗമില്ല.