തെലങ്കാന ഐടി മന്ത്രിയെ മമ്മൂട്ടി സന്ദര്‍ശിച്ചു; ദുല്‍ഖറിനോട് അന്വേഷണം പറയണമെന്ന് മന്ത്രി മമ്മൂക്കയോട്; കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയെന്നും വിശേഷണം

തെലങ്കാന ഐടി മന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെടി രാമ റാവുവിനെ മെഗാസ്റ്റാര്‍ മമ്മൂട്ടി സന്ദര്‍ശിച്ചു.

മന്ത്രിയുടെ ഔദ്യോഗിക വസതി പ്രഗതി ഭവനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിയോടൊപ്പം കോണ്‍ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് പ്രസിഡണ്ട് ലിബി ബെഞ്ചമിനും ഉണ്ടായിരുന്നു.

കേരളം ശരിക്കും ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’യാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി മമ്മൂട്ടിയെ അറിയിച്ചു. മലയാളികളും മലയാളി അസോസിയേഷനുകളും തെലങ്കാനയില്‍ നടത്തുന്ന സേവനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചു.

കേരളത്തിന്റെ പച്ചപ്പ് അതിമനോഹരമാണെന്നും തെലങ്കാനയില്‍ കേരള മാതൃകയില്‍ ഹരിതാഭ കൊണ്ടു വരാന്‍ മലയാളി ഐഎഫ്എസ് ഓഫീസര്‍ പ്രിയങ്ക വര്‍ഗീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ തെലങ്കാന സര്‍ക്കാരിന് അഞ്ചേക്കര്‍ സ്ഥലം കേരള സര്‍ക്കാരിനോട് ചോദിച്ച കാര്യം അദ്ദേഹം ഓര്‍മ്മിച്ചു. തെലങ്കാനയില്‍ നിന്നുളളവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായ രംഗത്തെ തെലങ്കാനയുടെ നേട്ടങ്ങളെ മമ്മൂട്ടി പ്രകീര്‍ത്തിച്ചു.ദുല്‍ഖറിനോട് പ്രത്യേക അന്വേഷണം പറയണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ മലയാളി താരങ്ങളും മികച്ചവരാണെന്ന് കെടി രാമ റാവു പറഞ്ഞു.

കൈരളി പീപ്പിളിന്റെ ഇന്നോടെക് അവാര്‍ഡ് ഈ മാസം 25ന് ഹൈദ്രാബാദ് രവീന്ദ്ര ഭാരതി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറ് മണിക്ക് നടക്കും.

മന്ത്രി കെടി രാമ റാവുവാണ് ചടങ്ങിലെ മുഖ്യാതിഥി. ആഭ്യന്തര മന്തി നൈനി നരംസിംഹ റെഡ്ഡി ചടങ്ങിന്റെ ഉദ്ഘാടനം നടത്തും. മെഗാസ്റ്റാര്‍ മമ്മൂട്ടി ചടങ്ങില്‍ അധ്യക്ഷ പ്രസംഗവും കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണവും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here