ദില്ലി: അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

ആവശ്യമെങ്കില്‍ പരാതിക്കാരായ ഷൈന്‍ വര്‍ഗീസിനും, മാര്‍ട്ടിന്‍ പയ്യമ്പള്ളിക്കും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മലങ്കര സഭയെ അപമാനിക്കാനാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

വിവാദ ഭൂമി ഇടപാടിനെ കുറിച്ചുള്ള പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അതുകൊണ്ട് തന്നെ ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് ചൂണ്ടികാട്ടിയ ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.