ദില്ലി: നരേന്ദ്ര മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കൊള്ളക്കാരനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മോദിയുടെ പ്രധാന ആയുധം പൊള്ളത്തരമാണ്. പൊള്ളവാഗ്ദാനങ്ങള്‍ നല്‍കി ഈ രാജ്യത്തെ കര്‍ഷകരേയും യുവാക്കളേയും ചെറുകിടവ്യാപാരികളേയും മോദി വഞ്ചിച്ചു.

റാഫേല്‍ വിമാന ഇടപാടില്‍ മോദി രാജ്യത്തോട് കള്ളം പറഞ്ഞു. അമിത് ഷായുടെ അഴിമതിക്ക് നേരെ കണ്ണടച്ചു. റാഫേല്‍ ഇടപാടില്‍ രഹസ്യമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45,000 കോടിയുടെ നേട്ടമുണ്ടാക്കി. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ മോദി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇതിനിടെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് സഭ അല്‍പനേരം നിര്‍ത്തിവെച്ചു. വീണ്ടും സഭ തുടങ്ങിയപ്പോള്‍ രാഹുല്‍ഗാന്ധി പ്രസംഗം തുടര്‍ന്നു.

പ്രസംഗത്തിന് ശേഷം രാഹുല്‍ഗാന്ധി മോദിയെ ആശ്ലേഷിച്ചു. മോദിയുടെ സീറ്റിലെത്തി രാഹുല്‍ഗാന്ധി ആശ്ലേഷിച്ചപ്പോള്‍ ആദ്യമൊന്നമ്പരന്നെങ്കിലും മോദി തിരികെ കൈകൊടുത്തു.