വളരെ ദരിദ്രമായ കുടുംബ പശ്ചാത്തലമാണ് അഞ്ചലില്‍ നാട്ടുകാര്‍ അടിച്ചു കൊന്ന മണിക് റോയിയുടേത്. മണിക്കിന്‍റെ മരണത്തിന് ശേഷം ഭാര്യ മാനസികവിഭ്രാന്തിയിലായി ആശുപത്രിയിലാണ്.  ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് മണിക്കിന്‍റെ സഹോദരൻ വ്യക്തമാക്കി.

മണിക്കിന്‍റെ മൃതദേഹം സംസ്കാരത്തിന് എത്തിച്ചത് മുതല്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് മണിക് റോയിയുടെ ഭാര്യ. ഇതുവരെയും ആശുപത്രിവിട്ടില്ല. ബംഗാളിലെ മാള്‍ഡാ ജില്ലയിലുള്ള മണിക് റോയിയുടെ ഒറ്റ മുറി വീട്.

ഇവിടെ നിന്നാണ് ജീവിത പ്രാരാബ്ധങ്ങളുമായി മണിക് കൊല്ലം അഞ്ചലില്‍ മേശിരിപ്പണിക്കെത്തിയത്. ഒരുപാട് സ്വപ്നങ്ങളുമായി. വിവാഹവശ്യത്തിന് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരു ലക്ഷം രൂപ പലിശ കയറി പെരുകി.

ബാങ്ക് ലോണ്‍ തിരിച്ചടച്ച് ജപ്തി ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു മണിക്..ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. മണിക്കിന്‍റെ മൃതദേഹത്തെ അനുഗമിച്ച് ബംഗാളിലെത്തിയ പൊലീസുകാര്‍ ബന്ധുക്കളില്‍ നിന്നും മറ്റും മൊഴി രേഖപ്പെടുത്തി കേരളത്തിലേക്ക് മടങ്ങി.