ദില്ലി: ബിജെപി സ്വാര്‍ഥനേട്ടങ്ങള്‍ക്കായി ജമ്മുകശ്മീര്‍ മുതല്‍ ത്രിപുരയില്‍ വരെ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കൂട്ടുപിടിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും ലോക്‌സഭ ഉപനേതാവുമായ മുഹമ്മദ് സലിം. ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാല വിദ്യാര്‍ഥികളായാല്‍പോലും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ബിജെപി വിധിയെഴുതുന്നു. എന്നാല്‍ ബിജെപി ഭരണത്തില്‍ കശ്മീരില്‍ സ്ഥിതി വഷളായി. അതിര്‍ത്തിയില്‍ ഭീകരപ്രവര്‍ത്തനം വര്‍ധിച്ചു.

സ്വന്തം നേട്ടത്തിനായി ബിജെപി വിധ്വംസകശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്നു. ഗോരക്ഷകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ സ്വന്തം വസതിയില്‍ മാലയിട്ട് സ്വീകരിച്ച മന്ത്രിസഭാംഗവുമുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും നാല് വര്‍ഷം നടപ്പാക്കിയില്ല. പകരം ഏറ്റവും വലിയ രാഷ്ട്രീയ ചൂതാട്ടമായ നോട്ടുനിരോധനം നടപ്പാക്കി.

നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞ ലക്ഷ്യങ്ങളൊന്നും നേടാനായിട്ടില്ല. പകരം ഗോള്‍പോസ്റ്റ് അടിക്കടി മാറ്റി. ഒടുവില്‍ കറന്‍സിരഹിത സമ്പദ്ഘടന കൊണ്ടുവരാന്‍ വേണ്ടിയാണ് നോട്ടുനിരോധനം നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ 2016 നവംബര്‍ എട്ടിനു രാജ്യത്ത് ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ എണ്ണം നോട്ടുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

ജിഎസ്ടിയും നോട്ടുനിരോധനവും കര്‍ഷകരെയും ചെറുകിടവ്യവസായികളെയും തകര്‍ത്തു. നോട്ടുനിരോധനത്തിനുശേഷം ഗുജറാത്തില്‍ അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ബാങ്കിലാണ് നിക്ഷേപം കുമിഞ്ഞുകൂടിയത്.

സ്വദേശിയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പ്രതിരോധനിര്‍മാണ മേഖലയിലും റെയില്‍വേയിലും ഉള്‍പ്പടെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു.

ഗ്രാമപ്രദേശങ്ങളില്‍ സ്‌കൂളിനു അനുമതി ലഭിക്കാന്‍പോലും സ്ഥലവും കെട്ടിടവും വിദ്യാര്‍ഥികളും വേണം. എന്നാല്‍ റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിട്യൂട്ട് നിലവില്‍വരുന്നതിനു മുമ്പു തന്നെ വിശിഷ്ട പദവി ലഭിച്ചു.

കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് സര്‍ക്കാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ല. അസഹിഷ്ണുതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മുഹമ്മദ് സലിം പറഞ്ഞു.