മോദിയുടെ നിലപാട് ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി; കേരളത്തോട് കേന്ദ്രം കാണിക്കുന്നത് നീതി നിഷേധം

തിരുവനന്തപുരം: നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആവശ്യങ്ങളോട് മോദി നിഷേധത്മകമായ നിലപാട് സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സര്‍വ്വകക്ഷി സംഘത്തിന്റെ ആവശ്യങ്ങളെ മോദി നിരകരിച്ചതിന് തൊട്ട് പിന്നാലെയാണ് തന്റെ അതൃപ്തി പരസ്യമാക്കി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ഫെഡറല്‍ ഘടനയുടെ അടിസ്ഥാനം എന്ന് പിണറായി വിജയന്‍ ഓര്‍മ്മിച്ചു.

സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസഹായം ലഭിക്കാതെയും കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെയും മുമ്പോട്ടുപോകാനാവില്ല. അടിയന്തര പ്രധാന്യമര്‍ഹിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നിവേദനമാണ് പ്രധാനമന്ത്രിക്കു മുമ്പില്‍ വെച്ചത്. കേരളത്തിന്റെ പൊതുതാല്‍പര്യത്തിലുള്ള പ്രതികരണമല്ല പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായത് എന്ന നിര്‍ഭാഗ്യകരമായി പോയി എന്ന് പിണറായി ചൂണ്ടികാട്ടി.

കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാണ്യവിളകളിലേക്ക് കേരളം ശ്രദ്ധകേന്ദ്രീകരിച്ചത്. പകരമായി കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുമെന്ന ഉറപ്പായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഏതു നിയമം വന്നാലും കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.

കേരളത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യമായ പാലക്കാട്ടെ റെയില്‍വെ കോച്ച് ഫാക്ടറിയുടെ കാര്യത്തിലും തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായത്. കോണ്‍ഗ്രസ് ഭരണകാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതിയാണ് ഇതെന്നും അന്ന് നടത്താതെയിരുന്നതിനെ കുറിച്ച് ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള നിലപാടാണ് പ്രധാനമന്ത്രി എടുത്തത്.

ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന്റെ തുടര്‍ച്ചയായി വരുന്നതാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടുപോലും മറന്നുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ശബരിമല വികസനം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നീവയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഒരാവശ്യവും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറലിസത്തെ ശക്തിപ്പെടുത്തുക എന്നത് ഇന്ത്യന്‍ ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തിയിട്ടുള്ള എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here