ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.

ശബ്ദവോട്ടോടെ അവിശ്വാസം തള്ളിയെന്ന സ്പീക്കറുടെ നിലപാടിനെതിരെ ശബ്ദമുയര്‍ത്തിയതോടെ രഹസ്യ വോട്ടെടുപ്പിലോടെ അവിശ്വാസ പ്രമേയം പരിഗണിക്കുകയായിരുന്നു.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്നു കാട്ടാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. കണക്കിലെ കളികളില്‍ മോദി സര്‍ക്കാര്‍ വിജയിക്കുമെന്നുറപ്പായിരുന്നു പ്രതിപക്ഷത്തിന്. പക്ഷേ പ്രതീക്ഷിച്ചതിന് ലഭിക്കുമെന്നു കരുതിയ 147 വോട്ടുകളുടെ പിന്തുണയില്‍ നേരിയ തോതില്‍ കുറവുവന്നു.

314 പേരുടെ ഭൂരിപക്ഷം സഭയിലുണ്ടെങ്കിലും ഘടകക്ഷിയായ ശിവസേന കൈ ഒഴിഞ്ഞതോടെ ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് 296 ആയി. എന്നാല്‍ കാവേരി പ്രശ്‌നം മുന്നോട്ട വെച്ചപ്പോള്‍ കൂടെ നില്‍ക്കാത്ത പ്രതിപക്ഷത്തിനെ പിന്തുണയ്ക്കില്ലെന്ന നിലപാടെടുത്ത അണ്ണാ ഡിഎംകെ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തു. ഇതോടെ ഭൂരിപക്ഷം 325ലെത്തി.

ഒഢിഷയുടെ വിഷയമല്ലെന്ന് പറഞ്ഞ് മാറി നിന്ന 19 എംപിമാരുള്ള ബിജെഡിയും പ്രാദേശി രാഷ്ട്രീയം കളിച്ചു. 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്.

അതേസമയം, സഭയില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സഭ സാക്ഷിയായി. ടിഡിപി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.