ലോറി ഉടമകള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിൽ ചരക്ക് നീക്കം സ്തംഭിച്ചു. ആള്‍ ഇന്ത്യാ മോട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യവ്യാപക പണിമുടക്ക് തുടങ്ങിയത്. കേരളത്തില്‍ മുഴുവന്‍ ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നതായി ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍  അറിയിച്ചു.

അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക,  അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചരക്ക് ലോറി ഉടമകള്‍ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

സമരത്തിന് പിന്തുണയുമായി കേരളത്തിലെ ലോറി ഉടമകളും സര്‍വീസ് നിര്‍ത്തിവെച്ചു. സമരത്തിന് മുന്നോടിയായി കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം തന്നെ അവസാനിപ്പിച്ചിരുന്നു. പണിമുടക്ക് ശക്തമായി തുടരാനാണ് തീരുമാനമെന്ന് കേരള ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ പറഞ്ഞു.

സമരം നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചരക്ക് നീക്കത്തെ സാരമായി ബാധിക്കും. വരും ദിവസങ്ങളിലാകും ഇതിന്റെ പ്രതിഫലനം കമ്പോളത്തില്‍ അനുഭവപ്പെടുക.

വിലക്കയറ്റത്തിനും പൂഴ്ത്തിവെപ്പിനും ഇത് ഇടവരുത്തുമെന്നും വിലയിരുത്തപ്പെടുന്നു.  കേന്ദ്ര സര്‍ക്കാരിനെതിരായ സമരമായതിനാല്‍ ബി എം എസ് ഒഴികെയുളള കേന്ദ്ര ട്രേഡ് യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.