ഭയക്കേണ്ടതില്ല; പിസിഓഡിയെ

നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും വളരെസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്‌ PCOD. ജനിതകമായ സവിശേഷതകളും, ശാരീരിക ഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനമാണ് രോഗകാരണം.

ആര്‍ത്തവ പ്രശ്നങ്ങള്‍ തൊട്ടു അങ്ങോട്ട്‌ വന്ധ്യതവരെ നീളുന്ന, പ്രമേഹം, മറ്റു ജീവിതചര്യ രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതകൂട്ടുന്ന ഇത്തരം അവസ്ഥകള്‍ തിരിച്ചറിയാതെ പോവരുത്. പ്രത്യേകിച്ചും ആര്‍ത്തവ പ്രശ്നങ്ങള്‍ ഒക്കെ ഇന്നും വീട്ടുകാരോടും കൂട്ടുകാരോടും ഒക്കെ പറയാന്‍ മടിക്കുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ രോഗ നിര്‍ണയം വരെ വൈകാം.

ആര്‍ത്തവ പ്രശ്നങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തമാക്കും രീതിയിലുള്ള ആരോഗ്യ വിദ്യാഭ്യാസം ഇന്നിന്‍റെ ആവശ്യമാണ് എന്നതില്‍ തര്‍ക്കമില്ല. കണ്ടുപിടിച്ചാല്‍ പോര കൃത്യമായ ചികിത്സയും എടുക്കണം. തട്ടിപ്പുകളില്‍ പെട്ട് ജീവിതം നശിപ്പിക്കരുത്. അതിന് എന്താണ് പിസിഓഡി എന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാകേണ്ടത് അനിവാര്യമാണ്

എന്താണ് ഈ പോളി സിസ്റ്റിക് ഓവറി സിണ്ട്രോം അഥവാ PCOS?

പത്തു സ്ത്രീകളിൽ ഒരാൾക്കെങ്കിലും PCOS ഉണ്ട് എന്ന തോതിൽ PCOS വ്യാപകമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ ചില ഹോര്‍മോണുകളുടെ വ്യതിയാനം മൂലം ഉണ്ടാകുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങളെയാണ് ഈ പേരില്‍ വിളിക്കുന്നത്‌. ഇത്തരക്കാരുടെ ഓവറികളില്‍ ചെറിയ അനേകം കുമിളകള്‍ പോലെയുള്ള മാറ്റങ്ങള്‍ സ്കാന്നിംഗ് സമയത്ത് കാണാം, അതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.

പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത കിടക്കുന്ന ആർത്തവക്രമവ്യതിയാനം, രോമവളർച്ച ശരീരഭാരം കൂടുക, തുടങ്ങിയ ലക്ഷണങ്ങളെ കൂട്ടിക്കെട്ടുന്ന ചരട് പ്രധാനമായും ഇൻസുലിൻ റസിസ്റ്റൻസ് എന്ന അവസ്ഥയാണ്. ഇതിനിടയ്ക്ക് ഇൻസുലിൻ എവിടെ നിന്നു വന്നു എന്നല്ലേ?

ഇൻസുലിൻ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ പൂട്ടു തുറന്ന് ഗ്ലൂക്കോസിനോട് അകത്തുകയറാൻ പ്രേരിപ്പിക്കുന്ന ഒരു താക്കോലായി നമുക്ക് സങ്കൽപ്പിക്കാം. ഇൻസുലിന്റെ അഭാവത്തിൽ കോശങ്ങൾക്ക് ഗ്ലൂക്കോസ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കില്ല. രക്തത്തിൽ ഷുഗർ ഉയരുമ്പോഴും കോശങ്ങൾ ഗ്ലൂക്കോസ് കിട്ടാതെ പട്ടിണിയിലാകും (അൽപ്പം അതിലളിതവൽക്കരണമാണ് !).

എന്നാൽ ഇൻസുലിൻ യഥേഷ്ടം ഉണ്ടാവുകയും, ഉണ്ടായിട്ടുകൂടി കോശങ്ങളുടെ ഗ്ലൂക്കോസ് പ്രവേശിക്കാനുള്ള പൂട്ട് തുറക്കുവാനുള്ള താക്കോൽ ആയി അതിനു പ്രവർത്തിക്കാൻ കഴിയാതെ വരുക എന്ന അവസ്ഥയുണ്ട്.

കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാത്ത ഈ അവസ്ഥയെ ഇൻസുലിൻ നിസ്സംഗത അഥവാ Insulin Resistance എന്ന് വിളിക്കുന്നു. ശരീരം ഇത് മറികടക്കാനായി അപ്പോൾ കൂടുതൽ അളവിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഉയർന്ന ഇൻസുലിൻ അളവ് പുരുഷ ഹോർമോണുകളുടെ ഉല്പാദനം വർധിപ്പിക്കുകയും മുഖത്തും മറ്റും രോമവളർച്ച ഉണ്ടായും മുടികൊഴിച്ചിൽ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു ഇവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പൊണ്ണത്തടി, ടൈപ്പ് 2 ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയ ഇൻസുലിൻ റെസിസ്റ്റൻസ്ന്റെ മറ്റ് ബുദ്ധിമുട്ടുകൾ പുറകെ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഓവറി ഇതിൽ വില്ലനല്ല ഇത്തരം ഹോർമോൺ വ്യതിയാനങ്ങളുടെ ഇരയാണ് എന്നുപറയുന്നതാണ് ഉചിതം. വെള്ളം കെട്ടിയ ധാരാളം കുമിളകൾ അണ്ഡാശയത്തിൽ മാലയിൽ മുത്തു കോർത്തത് പോലെ പ്രത്യക്ഷമാവുന്നു. ഇവക്ക് അകത്തുള്ള അണ്ഡത്തിന് പക്ഷേ അതിൽ നിന്ന് പുറത്തേക്ക് വരാൻ പലപ്പോഴും കഴിയുന്നില്ല.

സാധാരണ കാണുന്ന അണ്ഡോല്പാദനം ഇപ്രകാരം ഉണ്ടാവാതിരിക്കാമ്പോൾ വന്ധ്യത പോലുള്ള പ്രശ്നങ്ങൾ സംഭവിക്കാം. വന്ധ്യതയ്ക്ക് ചികിത്സ എടുക്കുന്ന മൂന്നിലൊന്നിൽ കൂടുതൽ സ്ത്രീകൾക്ക് പിസിഒഎസ് ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

PCOD യുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

1. ആര്‍ത്തവ പ്രശ്നങ്ങള്‍: PCOD ഉള്ള പെണ്‍കുട്ടികളില്‍ അധികവും ആര്‍ത്തവപ്രശ്നങ്ങളുമായാണ് ആശുപത്രികളില്‍ എത്തുക. മിക്കവരിലും ആര്‍ത്തവം തുടങ്ങിയ നാളുകള്‍ തൊട്ടേ പീരീഡ്‌ കൃത്യമായി ഉണ്ടാവില്ല. ചിലരില്‍ ഒരു മാസം തൊട്ടു ആറുമാസം വരെ വ്യത്യാസത്തില്‍ പീരിഡുകള്‍ ഉണ്ടാവാം. ചിലരില്‍ ആര്‍ത്തവമേ ഉണ്ടാകില്ല ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലെ ഏറ്റകുറച്ചില്‍ മൂലം കൃത്യസമയത്ത് ഒവുലേഷന്‍ ഉണ്ടാവാത്തതാണ് ആര്‍ത്തവ പ്രശ്നങ്ങളുടെ കാരണം.

2. വന്ധ്യത: PCOD കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ നേരിടാൻ സാധ്യതയുളള ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. പലപ്പോഴും കുട്ടികള്‍ ഉണ്ടാവാതെ വരുമ്പോള്‍ നടത്തുന്ന പരിശോധനകളിലാണ് വന്ധ്യതക്ക് കാരണമായി PCOD കണ്ടെത്തുക. കൃത്യമായി ഓവുലേഷന്‍ നടക്കാത്തതതും, ഹോര്‍മോണ്‍ വ്യതിയനവുമാണ് വന്ധ്യതക്കുള്ള കാരണങ്ങള്‍. പെട്ടെന്നുള്ള അബോര്‍ഷന്‍ ഉണ്ടാവാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്.

3. അമിത രോമവളര്‍ച്ച: കോളേജില്‍ പോകുന്ന പെണ്‍കുട്ടികളുടെ ഒക്കെ മുഖത്ത് രോമം കണ്ടാല്‍ നമ്മുടെ നാട്ടില്‍ പിന്നെ കളിയാക്കാന്‍ അതുമതി. PCOD ഉള്ളവര്‍ നേരിടുന്ന ഒരു പ്രധാന സാമൂഹിക പ്രശനം ചിലപ്പോള്‍ ഇതാകും. രോമവളര്‍ച്ചയും അതുമൂലമുള്ള കളിയാക്കലും മറ്റും മാനസിക സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമാകാം.

ചിലപ്പോള്‍ മീശക്കു പുറമേ ആണുങ്ങളിലെ പോലെയുള്ള രോമവളര്‍ച്ച മറ്റു ഭാഗങ്ങളിലും ഉണ്ടാവാം. തൊലിയിൽ എണ്ണ മെഴുക്ക്, അമിതമായ മുഖക്കുരു തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

തലമുടി കൊഴിഞ്ഞ് കഷണ്ടി കയറുന്നതും ചിലവരിൽ കാണുന്നുണ്ട്. ശബ്ദത്തിനും അതുപോലെ വ്യത്യാസം വരാം. പുരുഷ ഹോര്‍മോണ്‍ ആയ ആൻട്രോജനുകളുടെ അളവ് കൂടുന്നതാണ് ഈ സവിശേഷതകള്‍ക്ക് കാരണം.

4. അമിതവണ്ണവും അനുബന്ധ പ്രശ്നങ്ങളും: PCOD ഉള്ള സ്ത്രീകളില്‍ 50% എങ്കിലും ആളുകള്‍ അമിതവണ്ണവും അനുബന്ധ പ്രശങ്ങളും നേരിടുന്നുണ്ട് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഹോര്‍മോണിനുള്ള പ്രവര്‍ത്തനം കുറവാണു. അതുകൊണ്ട് തന്നെ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, മെറ്റബോളിക് സിൻഡ്രോം ഇവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇന്‍സുലിനോട് ശരീരത്തിനുള്ള പ്രതിരോധത്തിന്‍റെ ലക്ഷണമാണ് ഇത്തരക്കാരുടെ കഴുത്തില്‍ കാണുന്ന അമിതമായ കറുപ്പ് നിറം. പ്രമേഹം, രക്താതിസമ്മര്‍ദ്ദം ഇവയൊക്കെ ഹൃദരോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂട്ടും.

PCOD എങ്ങനെയാണു കണ്ടെത്തുന്നത് ?

മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആദ്യമായി കൃത്യമായി പരിശോധിക്കണം. ശരീരഭാരം, BMI, രക്തസമ്മര്‍ദ്ദം, ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ലക്ഷണങ്ങള്‍ തുടങ്ങിയവ ഉണ്ടോ എന്ന് ശ്രദ്ധിക്കും. മുകളില്‍ സൂചിപ്പിച്ച രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാവുന്ന മറ്റു രോഗാവസ്ഥകള്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗനിര്‍ണ്ണയം കൃത്യതയോടെ ചെയ്യാന്‍ സഹായിക്കുന്ന പരിശോധനകള്‍ ഉണ്ട്

1. പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള പരിശോധനകൾ
2. സ്ത്രീ പുരുഷ ഹോര്‍മോണുകളുടെ അനുപാതം
3. തൈറോയിഡ് ഹോര്‍മോണിന്‍റെ അളവ്
4. സ്കാന്നിംഗ് പരിശോധന: ഓവറികളിലെ കുമിളകള്‍ പോലെയുള്ള വളര്‍ച്ചയും, വലിപ്പവും നോക്കുന്നതിനും, മറ്റു മുഴകള്‍ ഇല്ല എന്ന് ഉറപ്പാക്കാനും ഈ പരിശോധന സഹായിക്കും.

എന്താണ് ചികിത്സ ?

ചികിത്സ നിശ്ചയിക്കുന്നത് ഓരോ വ്യക്തികളുടെയും രോഗാവസ്ഥയും ലക്ഷണങ്ങളും ഒക്കെ വിലയിരുത്തിയതിനു ശേഷമാണു. PCOS നെ ചികിൽസിച്ച് പൂര്‍ണ്ണമായും മാറ്റുക എന്നത് ഏറക്കുറെ അപ്രായോഗികമാണ്. ജീവിത ശൈലി പരിഷ്കരിച്ചും മരുന്നുകളിലൂടെയും നിയന്ത്രിച്ച് വരുതിയിലാക്കുക എന്നതാണ് ലക്ഷ്യം.

1. ജീവിതചര്യ ക്രമീകരണം: PCOD യെ വരുതിയിലാക്കാൻ എല്ലാവരിലും ജീവിതചര്യ മാറ്റങ്ങള്‍ കൃത്യമായി ഉപയോഗിച്ചിരിക്കണം. മുകളില്‍ പറഞ്ഞതുപോലെ ഇവരിലെ പല രോഗലക്ഷണങ്ങള്‍ക്കും കാരണം ഇന്‍സുലിന്‍ ഹോര്‍മോണിനോടുള്ള ശരീരത്തിന്‍റെ പ്രതിരോധമാണ്. ശരീരഭാരം കുറക്കുന്നത് ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കും. 5 % ശരീരഭാരം കുറഞ്ഞാൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകും. കൂടാതെ ഇതിനായി മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അവ കൂടുതൽ ഫലപ്രദമാവുകയും ചെയ്യും. ഭക്ഷണക്രമത്തില്‍ കാതലായ മാറ്റമുണ്ടാകണം. അന്നജത്തിന്‍റെയും പൂരിതകൊഴുപ്പുകളുടെയും അളവ് കുറക്കണം. ശരീരഭാരത്തിനും അധ്വാനത്തിനും അനുസരിച്ചുള്ള കലോറി മാത്രം മതിയാകും. ഒപ്പം ചിട്ടയായ വ്യായാമവും ഉണ്ടാവണം. വ്യായാമം ഇന്‍സുലിന്‍റെ പ്രവര്‍ത്തനം കൂട്ടുകയും, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിതവണ്ണം ഇവ നിയന്ത്രിക്കാനും സഹായിക്കും. മുതിര്‍ന്ന ഒരാള്‍ ദിവസവും അരമണിക്കൂര്‍ ശരീരം മുഴുവന്‍ അധ്വാനിക്കുന്ന തരത്തിലുള്ള എയ്റോബിക്ക് വ്യായാമങ്ങള്‍ (ഓട്ടം, നീന്തല്‍, സൈക്ലിംഗ്) ചെയ്തിരിക്കണം.

2. മരുന്നുകള്‍: ഓരോ ആരോഗ്യ പ്രശനങ്ങള്‍ക്കും പ്രത്യേകതരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുക. ആര്‍ത്തവ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കി ആര്‍ത്തവ ചക്രം ക്രമമാക്കും. ഒവുലേഷന്‍ ഇല്ലാത്തവരില്‍ അതിനുള്ള മരുന്നുകള്‍ നല്‍കും. പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കും ചികിത്സ വേണ്ടിവരും. അമിത രോമവളര്‍ച്ച തടയാനും മരുന്നുകളുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാന്‍ സാധിക്കും. PCOD ഉള്ള മിക്കവര്‍ക്കും ഡോക്ടർമാര്‍ നല്‍കുന്ന ഒരു മരുന്നാണ് Metformin, നമ്മള്‍ വിചാരിക്കും എന്താണ് പ്രമേഹത്തിനുള്ള ഈ മരുന്നിനു “ഈ വീട്ടില്‍ കാര്യമെന്ന്” ? PCOD ഉള്ളവര്‍ക്ക് അനാവശ്യമായി പ്രമേഹത്തിനുള്ള മരുന്ന് നല്‍കുന്നു എന്നും, അതല്ല PCOD ക്ക് ഈ മരുന്ന് നല്‍കിയതുകൊണ്ടാണ് പ്രമേഹം വന്നതെന്നുമൊക്കെ തട്ടിവിടുന്ന വ്യാജന്‍മാരും വാട്ട്സാപ്പന്മാരുമുണ്ട്. എന്നാല്‍ കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് metformin PCOD ഉള്ളവരില്‍ ഉപയോഗിക്കുന്നത്. PCOD ഉള്ളവരില്‍ കാണുന്ന അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ആര്‍ത്തവ പ്രശ്നങ്ങള്‍, പ്രമേഹ സാധ്യത എന്നിവയൊക്കെ കുറക്കാന്‍ സഹായിക്കുന്ന വളരെ പ്രയോജനകരമായ, എന്നാല്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത, ചിലവു കുറഞ്ഞ മരുന്നാണ് ഇത്.

3. സര്‍ജറി: മുകളില്‍ പറഞ്ഞ ചികിത്സ രീതികള്‍ ഫലിക്കാത്ത, കൃത്യമായ ഒവുലേഷന്‍ ഇല്ലാത്തവരിൽ സര്‍ജറി ഉപയോഗിക്കാറുണ്ട്. താക്കോല്‍ദ്വാര മാര്‍ഗ്ഗം വഴി ഓവറികളില്‍ ചെറിയ സുഷിരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

PCOD കണ്ടെത്തിയ പെണ്‍കുട്ടികളുടെ അടുത്ത് വേഗം വിവാഹം കഴിക്കുന്നതാണ് ഇതിനുള്ള ചികിത്സ എന്നാ രീതിയില്‍ പറയുകയും അതിനായി മാതാപിതാക്കളെ ഉപദേശിക്കുകയും ചെയ്യുന്ന ചില ഡോക്ടർമാരെക്കുറിച്ച് ചിലര്‍ എഴുതിയത് കണ്ടു.

വിവാഹം PCOD യുടെ ചികിത്സയായി ഒരിടത്തും പറഞ്ഞിട്ടില്ല. PCOD എന്ന അവസ്ഥയും, പിന്നെ വിവാഹം വൈകുന്നു എന്നതുമൊക്കെ വന്ധ്യതാ സാധ്യത കൂട്ടുന്ന ഘടകങ്ങളായാതിനാല്‍ ആവണം അത്തരം ഒരു ഉപദേശം നല്‍കിയത്. ഇനി അങ്ങനെയല്ല എങ്കില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനിയും സാമൂഹികമായി വളരെയധികം വളരാനുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ.

എഴുതിയത്: Dr Jithin T Joseph & Dr Anjit Unni
Info Clinic
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News