മൂട്ടശല്യത്തെത്തുടർന്ന് എയര്‍ ഇന്ത്യാ വിമാനത്തിന്‍റെ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്.

ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ എന്തോ കടിച്ച പാടു കണ്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കാണുകയായിരുന്നു.

ഇവരുടെ പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ മരുന്ന് തളിച്ചെങ്കിലും അല്‍പ സമയത്തിന് ശേഷം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു

തുടര്‍ന്ന് ഇവരെ ഇക്കണോമി ക്ലാസില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടെ ലഭിച്ച സീറ്റ് വളരെ മോശമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സീറ്റുകള്‍ കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നു. പിന്നീട് ജീവനക്കാര്‍ തുണി ഇട്ട് ടി.വി സ്‌ക്രീന്‍ മറയ്ക്കുകയായിരുന്നു.