മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന.

അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെങ്കിലും ഹൃദയം കൊണ്ട് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന വ്യക്തമാക്കി.

സഭയിലെ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകാന്‍ രാഹുലിന് കഴിഞ്ഞെന്നും ശിവസേന അഭിപ്രായപ്പെട്ടു. മോദിയെ ആലിംഗനം ചെയ്യുന്ന രാഹുലിന്റെ ചിത്രം ഉള്‍പ്പെടുത്തി വന്‍പ്രാധാന്യത്തോടെയാണ് സാമ്‌ന ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

രാഹുല്‍ യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്നാണ് ബിരുദം നേടിയിരിക്കുന്നതെന്ന് വ്യക്തമായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. രാഹുല്‍ നല്‍കിയ ആലിംഗനത്തില്‍ മോദി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്നും റാവത്ത് പറഞ്ഞു.

രാഹുല്‍ മോദിക്ക് നല്‍കിയത് ഒരു ആലിംഗനം ആയിരുന്നില്ല, മറിച്ച് ഒരു ഷോക്ക് ആയിരുന്നു. രാഹുല്‍ രാജ്യത്തെ നയിക്കാന്‍ സന്നദ്ധനാണെന്ന് ആദ്യം പറഞ്ഞത് ശിവസേന ആണെന്നും അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.