ദില്ലി: സാനിറ്ററി നാപ്കിനെ നികുതിയില്‍ നിന്നൊഴിവാക്കി. ദില്ലിയില്‍ നടന്ന ഇരുപതിയെട്ടാം ജിഎസ്ടി യോഗത്തിന്റേതാണ് തീരുമാനം.

നിലവില്‍ 12 ശതമാനം നികുതിയായിരുന്നു നാപ്കിന്‍ ചുമത്തിയിരുന്നത്. ഇതോടെ സാനിറ്ററി നാപ്കിന് വില കുറയും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയുഷ് ഗോയലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പങ്കെടുത്തു.

സാനിറ്റിറി നാപ്കിന്‍, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റിയാണ് കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തിരുന്നത്.

അതേസമയം, 28 ശതമാനം നികുതി സ്ലാബിലുള്ള പല ഉത്പന്നങ്ങളുടെയും വില കുറയ്ക്കാന്‍ ഇന്ന് നടന്ന ജിഎസ്ടി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇതോടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി, വാട്ടര്‍ കൂളര്‍, ബാംബു ഫ്‌ളോറിങ്ങ് എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേയ്‌ക്കെത്തി.

അതുപോലെ വ്യാപാരികള്‍ക്ക് ആശ്വാസകരമായ നടപടിയും ജിഎസ്ടി യോഗത്തില്‍ കൈകൊണ്ടിട്ടുണ്ട്. അഞ്ചുകോടി രൂപവരെ വിറ്റുവരവുള്ളവര്‍ക്ക് ഇനി മുതല്‍ 3 മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി.