മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേരളം; പ്രതീക്ഷയുടെ ചിറകില്‍ കണ്ണൂരിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി

വീണ്ടും പ്രതീക്ഷകൾക്ക് ചിറക് മുളച്ച് കണ്ണൂർ ഇരിണാവിലെ കോസ്റ്റ് ഗാർഡ് അക്കാദമി.

തറക്കല്ലിടലിൽ ഒതുങ്ങിയ അക്കാദമിയെ കുറിച്ചുള്ള പ്രതീക്ഷ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി നിർമല സീതാരാനുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് വീണ്ടും സജീവമായത്.

എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന വിവേചനം തുടർന്നാൽ കോസ്റ്റ് ഗാർഡ് അക്കാദമിക്കും അത് തിരിച്ചടിയാകും.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദ്മിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്.

2011 ൽ തന്നെ സംസ്ഥാന സർക്കാർ സ്ഥലം കൈമാറി.കേന്ദ്രം ആവശ്യപ്പെട്ട 164 ഏക്കർ ഭൂമിയാണ് ഏഴിമല നാവിക അക്കാദമിയോട് ചേർന്ന് ഇരിണാവ് പ്രദേശത്ത് ഏറ്റെടുത്ത് നൽകിയത്.

2011 ൽ അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണി ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു.എന്നാൽ തീതദേശ നിയന്ത്രണ വിജ്ഞാപനം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ തുടർ പ്രവർത്തനങ്ങൾക്ക് വഴി മുടക്കി.

ഇരിണാവിൽ നിന്നും അക്കാദമി ന്യു മംഗളൂരുവിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാർ ആരംഭിച്ചു.

പ്രതിരോധ മന്ത്രി നിർമല സീതാരാമൻ മംഗളൂരുവിലെ നിർദിഷ്ട സ്ഥലം സന്ദർശിക്കുകയും ചെയ്തു.ഇരിണാവിൽ നിന്നും അക്കാദമി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്.

തീരദേശ വിജ്ഞാപനത്തിൽ അടുത്ത കാലത്ത് വരുത്തിയ ഭേദഗതികൾ പ്രകാരം ദേശീയ പ്രാധാന്യമുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനുമതിയാകാം എന്ന കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള രാഷ്ട്രീയ വിവേചനം കോസ്റ്റ് ഗാർഡ് അക്കാദമിയുടെ കാര്യത്തിലും തിരിച്ചടിയാകുമോ എന്നാണ് ഇപ്പോഴുമുള്ള ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel