മേഘ്ന അത് വാനിക്ക് ഇന്ത്യയെ ചിലത് അറിയിക്കാനുണ്ട്; ദില്ലിയിൽ ഊബർ യാത്രയ്ക്കിടെയുണ്ടായ അനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് വൈറൽ ആകുന്നു.

2018 ജൂലായ് 7-നാണ് മേഘ്ന ഫേസ്ബുക്കില്‍ തന്റെ അനുഭവം എ‍ഴുതിയത്. സാമൂഹിക മാധ്യമങ്ങളിൽ ജനപ്രിയമാവുകയും പത്രങ്ങൾ വാർത്തയാക്കുകയും ചെയ്ത ആ പോസ്റ്റ് ഇങ്ങനെയാണ്.

“മാസങ്ങള്‍ക്കുമുന്‍പ് ദില്ലിയിലൂടെ ഊബര്‍ പൂളിൽ യാത്ര ചെയ്യുകയായിരുന്നു. ആദ്യ യാത്രക്കാരി ഞാനായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ടാക്‌സിയില്‍ ഒരു യുവതിയും യുവതിയുടെ മകളും കയറി.

“ഏതാണ്ട് ഒരു കിലോമീറ്ററിനുശേഷം തലയില്‍ തൊപ്പിവച്ച ഇസ്‌ലാം മതവിശ്വാസിയായ ഒരാള്‍ മുന്‍പിലെ സീറ്റില്‍ കയറി. മുസ്‌ലിങ്ങളായ പുരുഷന്മാര്‍ വയ്ക്കാറുള്ള തൊപ്പി അദ്ദേഹം ധരിച്ചിട്ടുണ്ടായിരുന്നു.

അങ്ങനെ പോകുമ്പോൾ, ആ കൊച്ചു പെണ്‍കുട്ടി ആശ്ചര്യത്തോടെ അമ്മയോട് ചോദിച്ചു, ‘ആ അങ്കിള്‍ ഈ വൈകുന്നേരം എന്തുകൊണ്ടാണ് തലയില്‍ തൊപ്പി വച്ചിരിക്കുന്നത്? പുറത്താണെങ്കില്‍ വെയിലില്ലല്ലോ?’

“ക്യാബില്‍ റേഡിയോയുടെ ശബ്ദം ഉച്ചത്തിലായിരുന്നു. ആ മുസ്‌ലിം പുരുഷന്‍ ഡ്രൈവറോട് സംസാരിക്കുകയായിരുന്നു.

ഞാൻ ഫോണിലുമായിരുന്നു. കുട്ടിയുടെ ചോദ്യത്തോടെ ഞാന്‍ ഫോണില്‍നിന്ന് തലയുയര്‍ത്തി. ഡ്രൈവറുമായുള്ള ആ പുരുഷന്റെ വർത്തമാനവും നിന്നു. ഡ്രൈവര്‍ റേഡിയോ സംഗീതത്തിന്റെ ശബ്ദം കുറച്ചു.

“കുട്ടിയോട് എന്തെങ്കിലും പറയാം എന്ന് ആലോചിക്കുന്നതിനിടെ കുട്ടിയുടെ അമ്മയുടെ ഉത്തരം വന്നു.

“ആ യുവതി പറഞ്ഞു, ‘ഞാന്‍ അമ്പലത്തില്‍ പോകുമ്പോൾ തലയില്‍ ദുപ്പട്ട ഇടുന്നത് കണ്ടിട്ടില്ലേ? അല്ലെങ്കില്‍, പ്രായമായവർ വീട്ടില്‍ വരുമ്പോള്‍? അതുമല്ലെങ്കില്‍, മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ കാലുതൊട്ടു വണങ്ങുമ്പോൾ? ബഹുമാനം കാണിക്കാനും വണക്കം അറിയിക്കാനുമാണ് തല മൂടുന്നത്.’

“സംശയം ബാക്കിയുള്ളപോലെ കുട്ടി പിന്നെയും ചോദിച്ചു: ‘ആ ചേട്ടന്‍ ഇപ്പോള്‍ ആരെയാ ബഹുമാനിക്കുന്നത്? ഇവിടെ അമ്പലമില്ല, ആരുടെയും കാലുപിടിക്കേണ്ട കാര്യവും ഇല്ല.

വയസ്സായവരും കാറിലില്ല. പിന്നെ ആരോടാണ് ബഹുമാനം കാണിക്കുന്നത്?’

“അമ്മയ്ക്ക് ഉത്തരമുണ്ടായിരുന്നു. ശാന്തമായി അവർ അതു പറഞ്ഞു, ‘അദ്ദേഹത്തിന്റെ അച്ഛനമ്മമാർ അദ്ദേഹത്തെ പഠിപ്പിച്ചത് കാണുന്ന എല്ലാവരെയും ബഹുമാനിക്കാനും ആദരിക്കാനുമാണ്.

ഞാനും നിന്നെ പഠിപ്പിച്ചിട്ടില്ലേ, അതിഥികളോട് നമസ്‌തേ പറയാന്‍? അതുപോലെതന്നെ’.

“വണ്ടിയിലുണ്ടായിരുന്നവരാരും ഈ മറുപടി പ്രതീക്ഷിച്ചില്ല. ആ മുസ്‌ലിം പുരുഷന്‍പോലും ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചുകാണില്ല.

“ഞാനായിരുന്നു ആദ്യം ഇറങ്ങേണ്ടിയിരുന്നത്. എത്തേണ്ടിടത്ത് എത്തിയപ്പോള്‍ ചിരിയോടെയും ചിന്തയോടെയും ഞാന്‍ കാറു വിട്ടിറങ്ങി.

“ഞാൻ ചിന്തിച്ചത് ഇങ്ങനെയായിരുന്നു, അവന്റെ ചുറ്റുമുള്ള എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കില്‍! ഇങ്ങനെ ഓരോ അച്ഛനമ്മമാരും കുട്ടികളെ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍! ഇന്നത്തെ തലമുറയിലെ എല്ലാവരും കുട്ടികളെ ഇങ്ങനെ ശീലിപ്പിച്ചിരുന്നെങ്കില്‍!

“നമ്മളെ വിഭജിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ തോല്ക്കുമായിരുന്നു. ഈ രാജ്യത്തിന്റെ മതേതരത്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികരായ വിവരമില്ലാത്തവർ പരാജയപ്പെടുമായിരുന്നു.

“മേരാ ഭാരത് മഹാൻ!”