കവി പ്രഭാവർമക്ക്‌ സംഘപരിവാർ ഭീഷണി. ഈ ലക്കം കലാകൗമുദി വാരികയിൽ ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനമെഴുതിയതിനാണു ഫോണിലൂടെ ഭീഷണിയുണ്ടായതു.

ചാതുർവർണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം ലേഖനത്തിൽ എഴുതിയിരുന്നു.

ഗീതയെ പൂർണമായി ഉൾക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാൽ എഴുതരുത് എന്നായിരുന്നു ഭീഷണി.

ഭീഷണിക്കുള്ള മറുപടി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ഗീത വായിക്കാൻ തനിക്കു സംഘ പരിവാർ തരുന്ന കണ്ണട വേണ്ടെന്നും, എഴുതാൻ പരിവാറിന്റെ അനുവാദം ആവശ്യമില്ലെന്നും കവി പ്രഭാവർമ വ്യക്തമാക്കി.

ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വെച്ചാൽ മതിയെന്നും പിന്മാറുന്നവരുടെ നിരയിൽ പ്രഭാവർമയെ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.