ലോകമറിയുന്ന ഇന്ത്യൻ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷണന് ആരാണ് സുനന്ദ?

വലിയ വടവൃക്ഷങ്ങളെ സൃഷ്ടിച്ച അദൃശ്യ സാന്നിധ്യങ്ങൾക്ക് ചരിത്രത്തിലും ചലച്ചിത്ര ചരിത്രത്തിലും രേഖപ്പെടുത്തപ്പെടാൻഎന്ത് പ്രസക്തിയാണുള്ളത്?

മുക്ത ദീദി ചന്ദ് സംവിധാനം ചെയ്ത ‘സുനന്ദ’ അടൂരിന്റെ ജീവിത സഖിയുടെ അറിയാപ്പെടാത്ത ജീവിതം പറയുമ്പോൾ ഈ ചോദ്യങ്ങളെല്ലാം കൂടുതൽ ഉച്ചത്തിൽ ഉയർന്നു കേൾക്കും.

മുക്ത സുനന്ദയുടെ ഓർമ്മകൾ സിനിമയാക്കാനുള്ള കാരണങ്ങൾ ഫേസ് ബുക്കിൽ ഇങ്ങനെ കുറിക്കുന്നു:

“വടവൃക്ഷം പോലെ നിറഞ്ഞു നിന്ന മുത്തച്ഛന്റെ സ്നേഹത്തണലിലാണ് ഞാൻ വളർന്നത്. പൊടുന്നനെ അമ്മൂമ്മ ആദ്യം പോയപ്പോൾ കൊടുങ്കാറ്റിൽ കപ്പൽ എന്ന പോലെ മുത്തച്ഛൻ ഉലഞ്ഞു പോയത് ഞാൻ കണ്ടു.

മുത്തച്ഛൻ എന്ന വടവൃക്ഷത്തിന്റെ നില്പിന് പിറകിലെ കണക്കിലെടുക്കപ്പെടാത്ത അദൃശ്യ സാന്നിധ്യമായിരുന്നു അമ്മൂമ്മ.

ചരിത്രവും ചലച്ചിത്രവും അതുപോലെത്തന്നെയാണ്. കാണപ്പെടുന്ന നെടുനായകത്വങ്ങളുടെ പിറകിൽ അവയെ താങ്ങി നിർത്തുന്ന അദൃശ്യ ശക്തികൾ കണക്കിലെടുക്കപ്പെടാതെ പോവുകയാണ് പതിവ്.

അതാണ് ചരിത്രത്തിന്റെ വളം , ചലച്ചിത്രത്തിന്റെയും. അടൂരിൽ സുനന്ദ എന്ന പോലെ .

ഓർമ്മ വച്ച നാൾ മുതൽ അമ്മയ്ക്കും അച്ഛനുമൊപ്പം ഓരോ ചലച്ചിത്രോത്സവങ്ങളിൽ അകത്ത് കയറാനാവാതെ പുറത്തിരിക്കുമ്പോഴും പിന്നെ അകത്ത് കയറാനായപ്പോഴും ആദരവോടെ കണ്ട എത്രയോ ചലച്ചിത്ര പ്രതിഭകൾ എന്റെ മുന്നിലൂടെ കടന്നു പോയിട്ടുണ്ട്.

എന്നാൽ മിക്കവാറും പേരും ഒറ്റക്കാണ് വരാറ്. സ്വന്തം ഭാര്യയെയും കൂട്ടി മാത്രം എന്നും ചലച്ചിത്രോത്സവത്തിന് എത്തുന്ന ഒരു വിഖ്യാത സംവിധായകൻ എന്ന നിലക്കാണ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ എന്നെ ആകർഷിച്ചത്.

വർഷങ്ങളോളം ഫെസ്റ്റിവലുകളിൽ അടൂർ സുനന്ദ ദമ്പതികളുടെ സാന്നിധ്യം ഒരനുഭവമായിരുന്നു. സുനന്ദ എന്നത് അടൂർ ഗോപാലകൃഷ്ണന്റെ ഒരു നിഴൽ സാന്നിധ്യമായിരുന്നു.

എന്നാൽ പൊടുന്നനെ 2015 അവസാനം മുതൽക്കുള്ള ഫെസ്റ്റിവലുകളിൽ അവരുടെ അസാന്നിധ്യം ആ സാന്നിധ്യം അറിഞ്ഞവർക്ക് ഒരു വലിയ വേദന തന്നെയായിരുന്നു.

സുനന്ദയില്ലാതെ അടൂരിനെ കാണുന്നതും ഒരു വേദനയായിരുന്നു. അടൂരിന് സുനന്ദ എന്തായിരുന്നു എന്ന അന്വേഷണം വടവൃക്ഷങ്ങൾക്ക് വളമായി നിന്ന അദൃശ്യ സാന്നിധ്യത്തെ തിരിച്ചറിയലായിരുന്നു.

സുനന്ദ എന്ന ഓർമ്മക്ക് മുന്നിലെ ഒരു നിമിഷം മാത്രമാണ് ഈ സുനന്ദ ”

മലയാളത്തിന്റെ വലിയ തിരക്കഥാകൃത്തായിരുന്ന ടി ദാമോദരൻ മാഷിന്റെ പേരമകളും തിരക്കഥാകൃത്ത് ദീദി ദാമോദരന്റെയും ചലച്ചിത്ര നിരൂപകനായ പ്രേംചന്ദിന്റെയും മകളുമാണ് മുക്ത ദീദി ചന്ദ്.

പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ‘ജോൺ’ എന്ന സിനിമയുടെ നിർമ്മാണച്ചുമതല വഹിക്കുന്നതും മുക്തയാണ്.

പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ‘സുനന്ദ’ ജൂലൈ 23 ന് ഉച്ചയ്ക്ക് 12.15ന് ശ്രീ തീയറ്ററിൽ പ്രദർശിപ്പിക്കും.