സംഘപരിവാറുമായുള്ള ഇരിപ്പുവശം മോശപ്പെടുത്താനില്ല എന്നതാണ് മാതൃഭൂമി നിലപാടെന്ന് എന്‍എന്‍ കൃഷ്ണദാസ്; എസ് ഹരീഷിനെതിരായ ഭീഷണിയെക്കുറിച്ച് പ്രതികരിക്കാത്ത മാതൃഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനം

എസ് ഹരീഷിനും നോവലിനുമെതിരെ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിയെക്കുറിച്ച് പ്രതികരിക്കാത്ത മാതൃഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എന്‍ കൃഷ്ണദാസ്. സംഘപരിവാറുമായുളള ഇരിപ്പുവശം മോശപ്പെടുത്താനില്ല എന്നതാണ് മാതൃഭൂമിയുടെ നിലപാടെന്ന് കൃഷ്ണദാസ് പറഞ്ഞു.

എന്‍എന്‍ കൃഷ്ണദാസ് പറയുന്നു:

മാതൃഭൂമിക്ക് ഒരു പൊടി മീശയെങ്കിലും ആകാം:

സംഘപരിവാര്‍ സംഘടനകളുടെ കടന്നാക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ആ!ഴ്ചപ്പതിപ്പിലെ നോവല്‍ പിന്‍വലിക്കേണ്ടിവന്നത് കേരളത്തിന്റെ ഉല്‍പതിഷ്ണുതക്കും പാരമ്പര്യത്തിനുമേറ്റ തിരിച്ചടിയാണ്.

ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ സര്‍ഗാത്മക പാരമ്പര്യം തകര്‍ക്കാന്‍ നടത്തുന്ന ഭീകര ശ്രമങ്ങളുടെ ഭാഗമാണിത്. ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കാനുളള ശേഷി കേരളത്തിന് ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിനിടയില്‍ കടന്നു വരുന്ന ചില ആകുലതകള്‍ കൂടിയുണ്ട്.

ഇത്രയും വലിയ കടന്നാക്രമണം നടന്നിട്ടും മാതൃഭൂമി കമ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. മാതൃഭൂമിയുടെ പ്രസാധക പ്രദര്‍ശനത്തിന് നേരെ ആക്രമണമുണ്ടായിട്ടും ഇതേനയമാണ് നമ്മള്‍ കണ്ടത്.’ഞങ്ങളെ സംരക്ഷിക്കാന്‍ മറ്റുളളവരെല്ലാം വരണം,എന്നാല്‍ ഞങ്ങള്‍ എണ്ണയിട്ടിരിക്കുന്നു.

‘കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാതൃഭൂമി പത്രവും ചാനലും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു .ദേശീയ പത്രങ്ങള്‍ കാണിക്കുന്നതു പോലെ, ഒരു പാതി മുഖപ്രസംഗം പോലും എഴുതാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

മാതൃഭൂമിയുടെ സാരഥികളാരും ഈ തീവ്രഭ്രാന്തിനെതിരെ രംഗത്തുവന്നിട്ടുമില്ല. ‘മറ്റുളളവര്‍ ഞങ്ങള്‍ക്ക് വേണ്ടി വെളളം കോരലും വിറകു വെട്ടലും അനുസ്യൂതം തുടരട്ടെ. സംഘപരിവാറുമായുളള ഇരിപ്പുവശം മോശപ്പെടുത്താനില്ല’എന്നതാണ് മാതൃഭൂമി നിലപാട്.

നോമ്പ് കാലത്ത് മുസ്ലീങ്ങളെ ഇളക്കിവിട്ട് കലാപം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം പോലും !വളച്ചൊടിച്ച് പ്രതിപാദനം നടത്തിയ മാതൃഭൂമി ചാനല്‍ അവതാരക പുംഗവന് വേണ്ടി ആ പത്രം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ എന്തൊക്കെയായിരുന്നു?

കടുത്ത വിഷം ചീറ്റിയ അവതാരകനെതിരെ തങ്ങളുടെ മൗലിക പൗരാവകാശം ഉപയോഗിച്ച് കേസ് കൊടുത്ത ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ മാതൃഭൂമി എത്രയിടങ്ങളിലാണ് പ്രമേയം പാസാക്കിപ്പിച്ചത്. സംഭവം എന്താണെന്ന് പോലും അറിയാത്ത വിദേശികളേയും ഡല്‍ഹിക്കാരേയുമൊക്കെ കിടക്കപ്പായയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് പ്രതികരിപ്പിച്ചു.

മറ്റേത് സ്ഥാപനം ആയാലും തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഒരു വരിയെങ്കിലും ഖേദം പ്രകടിപ്പിക്കും.ഇന്ന് മാതൃഭൂമി പുസ്തകോത്സവം ഡിവൈഎഫ്‌ഐ സംരക്ഷണ വലയിലാണ് എന്ന് ആ പത്രം തന്നെ എഴുതുമ്പോള്‍ അതിലെ കാവ്യനീതി തിരിച്ചറിയപ്പെടാതെ പോകരുത്.

പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ കേരളം നേടിയെടുത്തതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. അതിന്റെ കടക്കല്‍ കത്തി വീ!ഴുമ്പോള്‍ ‘ഞങ്ങള്‍ പൊല്ലാപ്പിനൊന്നുമില്ലേ, നിങ്ങളൊക്കെ വന്ന് ശരിയാക്കിത്തരണം’എന്ന് മാതൃഭൂമി പറയുമ്പോള്‍ അതിലെ വൈകൃതം തിരിച്ചറിയപ്പെടാതെ പോകരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News