ഇടുക്കി: അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു.

സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍, മന്ത്രി എംഎം മണി എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു.

തന്റെ മകനെ നഷ്ടപ്പെട്ട വേദനയില്‍ സങ്കടം നിയന്ത്രിക്കാകാതെ അഭിമന്യുവിന്റെ മാതാപിതാക്കള്‍ കോടിയേരിക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.

ഒരു നാടുമുഴുവന്‍ ഈ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ട് കോടിയേരി പറഞ്ഞു. അഭിമന്യുവിനെ കൊലപ്പെടുത്തിയ വര്‍ഗീയശക്തികളെ കേരളം ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

അഭിമന്യുവിന്റെ ചിത്രങ്ങളടക്കമുള്ള ആല്‍ബവും കുടുംബം നേതാക്കളെ കാണിച്ചു.

കൊട്ടക്കൊമ്പൂരിലേക്കുള്ള റോഡിനുസമീപം വിലയ്ക്ക് വാങ്ങിയ 10 സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ് സംഭാവനകളുംകൊണ്ടാണ് വീട് നിര്‍മാണം.