കോഴിക്കോട്: നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ്, സജീഷ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.

പേരാമ്പ്ര കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എല്‍ഡിക്ലാര്‍ക്കായാണ് നിയമനം. ഒപ്പം നിന്ന സര്‍ക്കാരിന് പറഞ്ഞാല്‍ തീരാത്ത നന്ദിയെന്ന് സജീഷ് പീപ്പിളിനോട് പറഞ്ഞു.

സജീഷിനൊരു സര്‍ക്കാര്‍ ജോലി, അതായിരുന്നു ലിനിയുടെ വലിയൊരു ആഗ്രഹം. അത് ഇത്തരത്തിലാവുമെന്ന് ലിനിയോ സജീഷോ പ്രതീക്ഷിച്ചില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഗ്ലൗസിട്ട കൈയില്‍ സജീഷിന് കൈമാറിയ കുറിപ്പില്‍ ലിനി ഇങ്ങനെ എഴുതി. ‘മക്കളെ നല്ലവണ്ണം നോക്കണം’.

2 കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് ലിനി ഓര്‍മ്മയാകുമ്പോള്‍ പിടിച്ചു നില്‍ക്കാനേറെ പണിപ്പെട്ടു സജീഷ്.

ഈ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ ഈ കുടുംബത്തെ തേടിയെത്തിയത്. സജീഷിനൊരു സര്‍ക്കാര്‍ ജോലി, കുട്ടികളുടെ പഠനത്തിനായി 10 ലക്ഷം വീതം ബാങ്ക് നിക്ഷേപം.

ലിനി ഓര്‍മ്മയായി രണ്ട് മാസത്തിനിപ്പുറം സജീഷ് കൂത്താളി പിഎച്ച്‌സിയില്‍ ജോലിയില്‍ പ്രവേശിച്ചു.

നിപ ബാധിച്ച് ആദ്യം മരിച്ച സാബിദ് ചികിത്സ തേടിയത് ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്. സാബിദിനെ പരിചരിക്കുന്നതിനിടെയാണ് നഴ്‌സായ ലിനിക്ക് രോഗം പിടിപെടുന്നതും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുന്നതും.

ആതുരസേവന രംഗത്തെ ജ്വലിക്കുന്ന ഓര്‍മ്മയായ ലിനിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുക വഴി സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു, കൈവിടില്ല ഒപ്പമുണ്ടെന്ന്.