സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കിനാവള്ളി’യിലെ മൂന്നാമത്തെ ഗാനം എത്തി.

‘കള്ളക്കഥക്കാരനേ..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ‘പനിമലരും’, ‘രാമഴയോ’ എന്നു തുടങ്ങുന്ന രണ്ടു ഗാനങ്ങള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. നിഷാദ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഡോ രശ്മി, റഫീഖ് റഹ്മാന്‍ എന്നിവരാണ് ഈണം പകര്‍ന്നത്.

പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറയ്ക്കു പിറകിലും പുതുമുഖങ്ങളാണ് കൂടുതലായും. ചിത്രത്തിലെ സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് ‘കള്ളക്കഥക്കാരനേ..’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നീ പുതുമുഖ താരങ്ങളെ കൂടാതെ ഹരീഷ് കണാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം.

ശ്യാംശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് നിര്‍മാണം. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു.

വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. കലാസംവിധാനം ഡാനി മുനരിസ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സരിതാ സുശീല്‍. വിതരണം വൈശാഖ സിനിമ നിര്‍വഹിക്കും.

ചിത്രം ജൂലായ് 27നു പ്രേക്ഷകരുടെ മുന്നിലെത്തും.