ഡ്രൈവറുടെ മൊഴിമാറ്റം; ക്ലീനറുടെ മരണത്തില്‍ ദുരൂഹത

കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയിലെ ക്ലീനര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ മൊഴിമാറ്റിയതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്.

പുലര്‍ച്ചെ കേരള അതിര്‍ത്തി കടന്ന് വാളയാറിലെത്തിയപ്പോള്‍ പതിനഞ്ചോളം പേര്‍ ലോറിക്ക് നേരെ നടത്തിയ കല്ലേറില്‍ ക്ലീനറായ വിജയ് എന്ന ബാഷക്ക് പരുക്കേറ്റുവെന്നായിരുന്നു ഡ്രൈവര്‍ നൂറുള്ള പോലീസിനോട് പറഞ്ഞത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നൂറുള്ള മൊഴിമാറ്റിയത്. കല്ലേറ് നടന്നത് കോയമ്പത്തൂരിനടുത്തുള്ള എട്ടിമടയില്‍ വെച്ചാണെന്ന് നൂറുള്ള മാറ്റി പറഞ്ഞു. കേരളത്തിലെ ആശുപത്രിയില്‍ ചികിത്സ കിട്ടുന്നതിന് തടസ്സമുണ്ടാകാതിരിക്കാനാണ് ആദ്യം മൊഴി തെറ്റായി നല്‍കിയതെന്നാണ് ഇയാള്‍ നല്‍കിയ വിശിദീകരണം.

മൊഴി മാറ്റിയ സാഹചര്യത്തില്‍ തമിഴ് നാട്ടിലെ എട്ടിമടക്കടുത്ത് ദേശീയ പാതയില്‍ കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായി പരിശോധന നടത്തി.

സ്ഥലത്ത് നിന്ന് ലോറിയുടെ പൊട്ടിയ ചില്ലുകള്‍ കണ്ടെത്തി. വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചതില്‍ നിന്നും സംഭവം നടന്നത് തമിഴ്‌നാട് അതിര്‍ത്തിയിലാണെന്നാണ് കണ്ടെത്തി.

കൊല്ലപ്പെട്ട ക്ലീനര്‍ വിജയ് എന്ന ബാഷയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ബാഷയുടെ നെഞ്ചില്‍ സാരമായ പരുക്കേറ്റിരുന്നു.

ലോറി സമരത്തിന്റെ ഭാഗമായി കല്ലേറ് നടന്നുവെന്ന ആരോപണമുയര്‍ന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കോയന്പത്തൂര്‍ ചാവടി പോലീസ് ഇനി കേസില്‍ അന്വേഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News