നടനും താരസംഘടനയുടെ പ്രസിഡൻറുമായ മോഹൻലാലിനെ സംസ്ഥാന അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന് നടൻ ഇന്ദ്രൻസ്. മോഹൻലാൽ പങ്കെടുത്തെന്ന് കരുതി അവാർഡ് ചടങ്ങിന്‍റെ മാറ്റ് കുറയില്ലെന്നും ഇന്ദ്രൻസ് പാലക്കാട് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്നുമാണ് തന്റെ ആഗ്രഹം. മോഹന്‍ലാല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അറിഞ്ഞപ്പോൾ മനസ്സിന് സങ്കടം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയാക്കുന്നതിനെതിരെ 107 ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട് ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദ്രന്‍സ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം, മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചെന്ന വാർത്ത സാംസ്കാരിക മന്ത്രി എകെ ബാലന്‍ നിഷേധിച്ചു.