മഴക്കെടുതി വിഷയം ലോകസഭയില്‍ ഇന്ന് ചര്‍ച്ചയ്ക്ക്; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള എംപിമാര്‍ – Kairalinewsonline.com
Latest

മഴക്കെടുതി വിഷയം ലോകസഭയില്‍ ഇന്ന് ചര്‍ച്ചയ്ക്ക്; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള എംപിമാര്‍

ദുരന്ത നിവാരണസേന നല്‍കേണ്ട സഹായത്തെ കുറിച്ചും എംപിമാര്‍ സഭയിലുന്നയിക്കും

മഴക്കെടുതി വിഷയം ലോകസഭ ഇന്ന് ചര്‍ച്ച ചെയ്യും. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ആവശ്യത്തെ തുടര്‍ന്ന് ബുധനാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭ തീരുമാനിക്കുകയായിരുന്നു. അഞ്ച് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്.

അതേസമയം റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ബിജെപിയ്‌ക്കെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, ജ്യോതിരാദ്യത്യ സിന്ധ്യയും ലോകസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഈ ആഴ്ച നോട്ടീസ് പരിഗണിക്കും

മഴക്കെടുതി വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം വേണമെന്നും കേരളത്തിലെ എംപിമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെടും. ദുരന്ത നിവാരണസേന നല്‍കേണ്ട സഹായത്തെ കുറിച്ചും എംപിമാര്‍ സഭയിലുന്നയിക്കും.

സഭ തുടങ്ങിയ അന്നുമുതല്‍ നിരന്തരം ഇരു സഭകളിലും മഴക്കെടുതി വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുമണിക്കൂര്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാമെന്ന് ലോക്‌സഭ തീരുമാനിച്ചത്. ഈ വിഷയങ്ങള്‍ രാജ്യസഭയില്‍ ശൂന്യവേളയില്‍ എളമരം കരീം ഉന്നയിച്ചിരുന്നു.

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ റാഫേല്‍ യുദ്ധവിമാന കരാര്‍ ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിനായി ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിക്കും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമനുമെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.

റാഫേല്‍ കരാര്‍ രാഹുല്‍ ഗാന്ധി സഭയിലുന്നയിച്ചപ്പോള്‍ നല്‍കിയ മറുപടികള്‍ മുഴുവന്‍ അസത്യമാണെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തന്നെ ആരോപിച്ചിരുന്നു.റാഫേല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തടസമില്ലെന്നിരിക്കെ മന്ത്രി ഇക്കാര്യങ്ങള്‍ മറച്ചുവച്ചെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്.

To Top