ഭാരതീയരുടെ സദാചാര ബോധം അവസാനിക്കുന്നില്ല. ഹിന്ദു യുവതിയെ സ്നേഹിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്യാനെത്തിയ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം പരസ്യമായി തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് മതത്തിന്‍റെ പേരില്‍ വീണ്ടും സദാചാര അക്രമം ഉണ്ടായിരിക്കുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ പ്രീതി സിങും മധ്യപ്രദേശ് സ്വദേശി സഹിലും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. രജിസ്റ്റര്‍ വിവാഹത്തിന്‍റെ നിയമസാധുതകള്‍ അന്വേഷിക്കുന്നതിനായി ആഭിഭാഷകനെ കാണാനെത്തിയതായിരുന്നു ഇരുവരും.

അഭിഭാഷകന്‍റെ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ഒരു കൂട്ടം ആള്‍ക്കാര്‍ ഇവര്‍ക്കു നേരെ ഓടിയടുക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഒരു കാരണവുമില്ലാതെ ജനക്കൂട്ടം യുവാവിനെ മര്‍ദ്ദിക്കുന്നതിന്‍റെയും റോഡിലൂടെ വലിച്ചി‍ഴക്കുന്നതിന്‍റെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

കൃത്യ സമയത്ത് പൊലീസുകാര്‍ എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ യു.പി പൊലീസ് സ്വമേധയാ കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്യം ഉണ്ടെന്നും എസ് പി അശോക് തോമര്‍ പറഞ്ഞു.