മുംബൈ നഗര ജീവിതത്തെ അക്ഷരാർഥത്തിൽ തകിടം മറിച്ച മറാത്താ ക്രാന്തി മോർച്ച ബന്ദ് പിൻവലിച്ചതായി പ്രഖ്യാപിച്ചു. ഓഫീസിൽ പോയ ജോലിക്കാരും സ്‌കൂൾ കുട്ടികളും സുരക്ഷിതരായി വീടുകളിൽ എത്തുന്നതിന് വേണ്ടിയാണ് താത്കാലികമായി ബന്ദ് പിൻവലിക്കുന്നതെന്ന് സമരക്കാർ അറിയിച്ചു.

ഇന്ന് രാവിലെ മുതൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നടത്തിയ സമാധാന റാലികൾ ആക്രമാസക്തമായതിന് പുറകെയാണ് മാറാത്ത ക്രാന്തി മോർച്ച പ്രവർത്തകർ പെട്ടെന്നെടുത്ത ഈ തീരുമാനം.

എന്നിരുന്നാലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും സംഘാടകർ അറിയിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്‌കർ ആണ് പിൻവലിക്കുന്ന തീരുമാനം അറിയിച്ചത്.

താനെ, നവി മുംബൈ, ചെമ്പൂർ , ഭാണ്ഡൂപ് തുടങ്ങിയ സ്ഥലങ്ങളാണ് ബന്ദിന്റെ പേരിൽ അക്രമം നടന്ന പ്രദേശങ്ങൾ.

സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തിന്റെ കാര്യത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാറാത്ത സമുദായം.