തളിപ്പറമ്പിൽ ദേശീയപാത ബൈപ്പാസ് കീഴാറ്റൂർ വഴി തന്നെ. അലൈൻമെന്റിൽ മാറ്റം വരുത്താതെ ബൈപാസ്സിനായി കീഴാറ്റൂരിലെ സ്ഥലം ഏറ്റെടുത്തുകൊണ്ട് കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കി.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.വിജ്ഞാപനത്തിന്റെ പകർപ്പ് പീപ്പിൾ ടി വി ക്ക് ലഭിച്ചു

കീഴാറ്റൂരിൽ ബൈപാസ്സിനായി സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള 3 ഡി വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. നിലവിലെ അലൈൻമെന്റിൽ മാറ്റമില്ല.സർവ്വേ പൂർത്തിയായ സ്ഥലങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഈ മാസം 13 നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കിയത്.

ബൈപ്പാസ് വിരുദ്ധ സമരക്കാരുടെയും ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെയും പരാതിയിൽ പരിശോധന നടത്തിയ വനം പരിസ്ഥിതി മന്ത്രാലയവും കീഴാറ്റൂർ ബൈപാസ്സിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നില്ല.

അന്തിമ വിജ്ഞാപനം ഇറങ്ങിയതോടെ ബി ജെ പി യുടെ ഇരട്ടത്താപ്പാണ് പുറത്തായതെന്ന് തളിപ്പറമ്പ് എം എൽ എ ജെയിംസ് മാത്യു പറഞ്ഞു.

കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി ബൈപ്പാസ് കീഴാറ്റൂറിൽ നിന്നും മാറ്റും എന്നായിരുന്നു ബി ജെ പി യുടെ പ്രഖ്യാപനം.കേന്ദ്രമാണ് അലൈൻമെന്റ് നിശ്ചയിക്കുന്നതെന്ന വസ്തുത മറച്ചു വച്ച് സംസ്ഥാന സർക്കാരിനെതിരെ സമരം നടത്താനാണ് ബി ജെ പി തയ്യാറായത്.

കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ ബി ജെ പി യുടെ കള്ളക്കളി പൊളിഞ്ഞു.
കീഴാറ്റൂറിൽ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ ബി ജെ പി നേതൃത്വത്തിന് ഇക്കാര്യത്തിൽ മറുപടി പറയാൻ ബാധ്യതയുണ്ട്.