ഓണവിപണി; വിലക്കയറ്റം തടയാൻ നടപടികളുമായി സർക്കാർ – Kairalinewsonline.com
Kerala

ഓണവിപണി; വിലക്കയറ്റം തടയാൻ നടപടികളുമായി സർക്കാർ

സപ്ലൈകോ ഓണച്ചന്തകൾ ആഗസ്റ്റ് 10 മുതല്‍

കൊച്ചി: സപ്ലൈകോയുടെ ഈ വര്‍ഷത്തെ ഓണം മേളകള്‍ക്ക് ആഗസ്റ്റ് 10 ന് തുടക്കമാകും. ജില്ലാ തലത്തിലുളള ഫെയറുകളാണ് ആദ്യം ആരംഭിക്കുക.

താലൂക്ക് തല ഓണം മേളകള്‍ ആഗസ്റ്റ് 16 നും നിയോജക മണ്ഡലാടിസ്ഥാനത്തിലുളള ഓണം മാര്‍ക്കറ്റുകളും സപ്ലൈകോ വില്പന ശാലകളോടനുബന്ധിച്ചുളള മിനി ഫെയറുകളും സപ്ലൈകോ വില്‍പ്പന ശാലകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രത്യേകമായി സംഘടിപ്പിക്കുന്ന മിനി സ്‌പെഷ്യല്‍ ഫെയറുകളും ആഗസ്റ്റ് 20 നും ആരംഭിക്കും.

എല്ലാ ഫെയറുകളും ആഗസ്റ്റ് 24 ന് രാത്രി വരെ തുടരും. ഉത്സവ വേളകളില്‍ ഉണ്ടാകാനിടയുളള അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ടുളള ഓണം മേളകള്‍ക്കായുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സപ്ലൈകോ സി.എം.ഡി. എം.എസ്. ജയ അറിയിച്ചു.

ജില്ലാ തലത്തില്‍ 14 ഉം താലൂക്ക് തലത്തില്‍ 75 ഉം ഫെയറുകളാണ് സംഘടിപ്പിക്കുക. ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഓണച്ചന്ത ഉറപ്പു വരുത്തുന്നതിനായി പ്രമുഖ ഔട്ട് ലെറ്റുകളോട് ചേര്‍ന്നോ വേറിട്ടോ നടത്തുന്ന ഫെയര്‍ 78 ഇടങ്ങളില്‍ സംഘടിപ്പിക്കും.

സപ്ലൈകോ വില്പന ശാലകള്‍ ഇല്ലാത്ത 23 പഞ്ചായത്തുകളിലാണ് സ്‌പെഷ്യല്‍ മിനി ഫെയറുകള്‍ സംഘടിപ്പിക്കുക. സംസ്ഥാനത്ത് ആകെ 1479 സ്ഥലങ്ങളിലാണ് സപ്ലൈകോ ഓണം ഫെയറുകള്‍ ഉണ്ടാവുക.

ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായുളള വിവിധ സമ്മാന പദ്ധതികളും സപ്ലൈകോ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലായി മൂന്ന് പദ്ധതികളാണ് ഇപ്രകാരം നടപ്പിലാക്കുക.

ഇതുകൂടാതെ പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കാന്‍ കഴിയും വിധം ഓണം ഗിഫ്റ്റ് വൗച്ചറും ഓണം സ്‌പെഷ്യല്‍ കിറ്റും തയ്യാറാക്കി വിപണനം ചെയ്യാനും സപ്ലൈകോ നടപടി സ്വീകരിച്ചിട്ടുണ്ട്.

രാവിലെ 9.30 മുതല്‍ രാത്രി 8 മണിവരെയാണ് ഓണച്ചന്തകളുടെ പ്രവര്‍ത്തന സമയം.

To Top