കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം യാത്രയ്ക്ക് ബഗ്ഗിക്കാറുകളുടെ സേവനം ആരംഭിച്ചു. 3 പ്ലാറ്റ് ഫോമുകളിലായി 2 ബഗ്ഗിക്കാറുകളാണ് 24 മണിക്കൂറും സര്‍വീസ് നടത്തുന്നത്. 30 രൂപയാണ് ബഗ്ഗി കാറിലെ യാത്രയ്ക്ക് ഈടാക്കുന്ന ഫീസ്.

ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു ബഗ്ഗി കാറുകളാണ് ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരിക്കുന്നത്. കാറുകളില്‍ ഒന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും മറ്റൊന്ന് രണ്ട് മൂന്ന് നമ്പര്‍ പ്ലാറ്റ് ഫോമുകളിലുമാണ് സര്‍വീസ് നടത്തുന്നത്.

കാറുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഡ്രൈവറെക്കൂടാതെ നാലുപേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും. ഒരു യാത്രക്കാരനു 30 രൂപയാണു നിരക്ക്. ലഗേജുകള്‍ ബഗ്ഗിയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. ഹാന്‍ഡ് ബാഗ് മാത്രം കൈയില്‍ കരുതാം.

യാത്രക്കാരെ കംപാര്‍ട്‌മെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ ലിഫ്റ്റിനു സമീപം എത്തിക്കുകയും ചെയ്യും. ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് അടുത്ത പ്ലാറ്റ്‌ഫോമിലെത്താനും സൗകര്യമൊരുക്കും

ബാറ്ററി ഉപയോഗിച്ചുള്ള പ്രവര്‍ത്തനമായതിനാല്‍ ശബ്ദ മലിനീകരണമില്ല എന്നതും നേട്ടമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാവുന്നവയാണ് ബഗ്ഗി കാറുകളെങ്കിലും കോട്ടയം സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുന്നവയുടെ വേഗപരിധി 10 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്.

2014ല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് ആദ്യമായി ബഗ്ഗി ഓടിത്തുടങ്ങിയത്. 19 ബഗ്ഗി കാറുകളാണു സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചിട്ടുള്ളത്.

കോട്ടയം സ്‌റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പ്ലാറ്റ് ഫോമിന്റെ നീളം കൂടുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് ബഗ്ഗിക്കാറുകള്‍ പ്രയോജനകരമാകും