മാമ്പഴം കഴിക്കുന്നവർക്ക് പുത്രഭാഗ്യമെന്ന് പ്രചരണം; ഒടുവില്‍ കോടതി കയറി കര്‍ഷകന്‍

നാസിക്കിലെ സംബാജി ഭിഡെ ചില്ലറക്കാരനല്ല. ഹിന്ദുത്വ പ്രവർത്തനം സ്വന്തം ബ്രാൻഡിന് മോടി കൂട്ടാനുള്ള അലങ്കാരം മാത്രമാണ് ഈ കർഷകന്. സ്വന്തമായി മാമ്പഴ തോട്ടമുള്ള സംബാജി ഈ തോട്ടത്തിലെ മാമ്പഴങ്ങള്‍ക്കു അപൂർവ സിദ്ധിയുണ്ടെന്നാണ് അവകാശപ്പെടുന്നത്.

സംബാജിയുടെ മാമ്പഴം കഴിച്ചതിനുശേഷം അനേകം ദമ്പതികള്‍ക്ക് സന്താന ഭാഗ്യം ലഭിച്ചെന്നു മാത്രമല്ല പുത്രന്‍മാരുണ്ടാകാനും തന്റെ തോട്ടത്തിലെ മാമ്പഴം ഒറ്റമൂലിയാണെന്നാണ് സംബാജിയുടെ അവകാശവാദം.

സ്വന്തം തോട്ടത്തിലെ മാമ്പഴങ്ങൾ ചുളുവിൽ വിറ്റഴിയാനുള്ള മാർക്കറ്റിംഗ് തന്ത്രമായാണ് മാമ്പഴത്തിന് നൽകിയ അപൂർവ സിദ്ധിയെന്നു കരുതുന്നവരും നാസിക്കിലുണ്ട്. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ ദുരിതമനുഭവിക്കുന്ന നാട്ടിലാണ് മാമ്പഴത്തിനായി നാനാ ഭാഗങ്ങളിൽ നിന്നും ദമ്പതികൾ സംബാജിയെ തേടിയെത്തുന്നത്.

ഇതിനകം സന്താന ഭാഗ്യമില്ലാത്ത 180 ദമ്പതികളാണ് തന്റെ മാമ്പഴം കഴിച്ചതെന്നും അവരിൽ 150 പേരും ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ നടത്തിയവരാണെന്നും സംബാജി ഭിഡെ പറയുന്നു.

ആൺകുട്ടികൾ വേണമെന്നാഗ്രഹിക്കുന്ന ദമ്പതികൾ തന്റെ മാമ്പഴം കഴിച്ചാൽ മതിയെന്ന് ഈയിടെയാണ് സംബാജി പരസ്യ പ്രസ്താവന നടത്തിയത്. ഈ പ്രസ്താവന ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതോടെ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയർന്നു തുടങ്ങി.

മാമ്പഴം കഴിച്ചാല്‍ ആണ്‍കുട്ടികളുണ്ടാകുമെന്ന പ്രസ്താവന സംബാജി ഭിഡെയെ കോടതി കയറ്റിയിരിക്കയാണ്. പ്രസ്താനവയില്‍ വിശദീകരണം ആവശ്യപ്പെട്ട് നാസിക് നഗരസഭയാണ് ഭിഡെയ്ക്ക് നോട്ടീസയച്ചിരിക്കുന്നത് .

എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഭിഡേ ഇതുവരെ കൂട്ടാക്കിയിട്ടില്ല. ലിംഗനിര്‍ണയ വിരുദ്ധ നിയമം ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇനിയൊരു മാമ്പഴക്കാലത്തിനായി കാത്തിരിക്കുന്ന ഭിഡെ കോടതിയില്‍ നേരിട്ട് ഹാജരായി തന്റെ വിവാദ പ്രസ്താവനയില്‍ വിശദീകരണം നല്‍കേണ്ടിവരും.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel