ലക്ഷദ്വീപിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഫണ്ടില്‍ വന്‍ അഴിമതി നടന്നതായി പരാതി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ ചില ഉദ്യോഗസ്ഥര്‍ ഫണ്ട് തിരിമറി നടത്തിയതെന്നാണ് ആരോപണം. ഭിന്നശേഷിക്കാരുടെ വിവിധ ആനുകൂല്യങ്ങളും ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനര്‍ഹര്‍ തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്.

2001ലാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ ഭിന്നശേഷിക്കാര്‍ക്കായി ഒരു കോടി എഴുപത്തി ഒന്‍പത് ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ട് കൈമാറിയത്. എന്നാല്‍ 55ലക്ഷം രൂപമാത്രമാണ് ഭിന്നശേഷിക്കാര്‍ക്കായി വിനിയോഗിച്ചിട്ടുള്ളു എന്നാണ് വിവരാവകാശരേഖ.

ബാക്കിയുള്ള പണം എവിടെയെന്ന ചോദ്യത്തിന് വര്‍ഷം പതിനേഴ് കഴിഞ്ഞിട്ടും ആര്‍ക്കും ഉത്തരമില്ല. തുക ലക്ഷദ്വീപ് അഡ്മിനിസ്‌ടേഷനിലെ ചില ഉദ്യോഗസ്ഥര്‍ അഴമതിയിലൂടെ കൈക്കലാക്കിയെന്നാണ് ആരോപണം.

പരാതിയുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ മുതല്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍ കയറിയിറങ്ങയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഒടുവില്‍ കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വിജലന്‍സ് കേസന്വേഷണം വൈകിപ്പിക്കുന്നുവെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തി.

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേകനിയമപ്രകാരം ദ്വീപിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലുമുള്ള നാല് ശതമാനം സംവരണവും അട്ടിമറിക്കപ്പെട്ടതായും പരാതിക്കാര്‍ ആരോപിച്ചു.