സംസ്ഥാന സർക്കാരിന്‍റെ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ട്. സംസ്ഥാന ധനവകുപ്പിന്‍റെ പരിശോധനയിലാണ് ഇൗ ഞെട്ടിപ്പിക്കുന്ന വിവരം. നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന 31256 പേർ പഞ്ചായത്ത് രേഖകൾ പ്രകാരം ജീവിച്ചിരിപ്പില്ലെന്നാണ് കണ്ടെത്തിയത്.

ഇതോടെ മരണപ്പെട്ടവരുടെ പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് തെളിഞ്ഞത്. സാമൂഹ്യക്ഷേമ പെൻഷൻ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക സർക്കാർ തയ്യാറാക്കിയത്.

എല്ലാ മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന രീതി ഇപ്പോഴുമില്ല. രണ്ടു ഡാറ്റാബേസിലെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കൽ പ്രശ്നങ്ങൾ വേറെയുണ്ട്. ഈ പരിമിതികളൊക്കെ മറികടന്നാണ് 31256 പേർ ലിസ്റ്റിൽപ്പെട്ടത്. അതുകൊണ്ട് രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം അമ്പതിനായിരം കവിയുമെന്ന് ഉറപ്പായി.

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂർ (5468), കോഴിക്കോട് (4653) ജില്ലകൾക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസർകോട് (337), ഇടുക്കി (239) ജില്ലകളാണ്.

രേഖകൾ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെൻഷൻ വിതരണം ഓണക്കാലത്ത് നിർത്തിവെയ്ക്കാൻ ധനവകുപ്പ് നിർദേശം നൽകി. ഓരോ പഞ്ചായത്തിനും ഇത് സംബന്ധിച്ച പട്ടിക നൽകും. പട്ടികയിലുൾപ്പെട്ടവർ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യണം.

പട്ടികയിൽ നിന്ന് സ്വയം ഒഴിവാകാൻ എല്ലാവർക്കും ഒരു അവസരം കൂടി സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ ഇതിനുശേഷം സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചു പിടിക്കാനാണ് തീരുമാനം