മഴക്കെടുതി വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങവേ വള്ളം മുങ്ങി അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകരെ കോട്ടയത്തെ മാധ്യമ സമൂഹം അനുസ്മരിച്ചു. അപകടത്തിൽ മരണമടഞ്ഞ സജിയുടെയും ബിപിന്റെയും കുടുംബത്തെ സഹായിക്കാൻ സഹായ നിധി രൂപീകരിച്ചു.

വൈക്കം മുണ്ടാറിൽ കാലവർഷക്കെടുതി റിപ്പോർട്ട് ചെയ്യവേ വഞ്ചി അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകരെ കോട്ടയം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിനു പുറമെ ഇരുകുടുംബങ്ങൾക്കും പരമാവധി ധനസഹായം നൽകാനാണ് മാധ്യമ പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്.യോഗത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്ര. സി. നാരായണൻ അധ്യക്ഷത വഹിച്ചു.

സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു തുരുത്തിന്റെ ദുരവസ്ഥ അറിയിക്കാൻ തയ്യാറായ മാധ്യമ പ്രവർത്തകർ എക്കാലവും ഓർമിക്കപ്പെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അനുസ്മരിച്ചു.

സജിയുടെയും ബിപിന്റെയും കുടുംബത്തെ സഹായിക്കാൻ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,മോൻസ് ജോസഫ്‌, സിപിഐ ജില്ലാ സെക്ര. സി.കെ. ശശിധരൻ, പ്രസ് ക്ലബ് പ്രസി. സാനു ജോർജ് തോമസ്, സെക്രട്ടറി എസ് സനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.