മലയാളത്തിന്‍റെ അഭിമാനതാരമാണ് മോഹന്‍ലാല്‍. കംപ്ലീറ്റ് ആക്ടര്‍ എന്ന പേരിന് ഏറ്റവും അനുയോജ്യന്‍. കെെകാര്യം ചെയ്യുന്ന വേഷങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ കുറവാണ്. ഓരോ ചിത്രത്തിനു വേണ്ടിയും അദ്ദേഹമെടുക്കുന്ന എഫേര്‍ട് അത്രയധികമാണ്.

പുതിയ ചിത്രം നീരാളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പാര്‍വ്വതി നായരും മോഹന്‍ലാലും ക‍ഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ലെെവിലെത്തിയിരുന്നു. ലെെവിനിടെ ലാലേട്ടന്‍റെ പ്രിയ നായികയാരെന്നൊരു ചോദ്യം പാര്‍വ്വതി മോഹന്‍ലാലിനോടു ചോദിച്ചു.

ക്ലാസിക്ക് ഉത്തരമായിരുന്നു ലാലേട്ടന്‍ നല്‍കിയത്.

“ നൂറിലധികം നായികമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശോഭനയ്‌ക്കൊപ്പം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ച എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്.

ഇനി ഏറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാല്‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ്. ഏറ്റവും മനോഹരിയായ നായികയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു,” മോഹന്‍ലാല്‍ പറഞ്ഞു.