ഹൈദരാബാദിൽ നടന്ന കൈരളി-പീപ്പിൾ ഇന്നോടെക് പുരസ്കാര വേദി രണ്ട് പിറന്നാൾ ആഘോഷച്ചടങ്ങുകൾക്കും സാക്ഷിയായി. തെലങ്കാന ഐടി മന്ത്രി കെടി രാമറാവുവിന്‍റേയും NMDC ചെയർമാൻ എൻ ബൈജേന്ദ്ര കുമാറിന്‍റേയും ജന്മദിനമാണ് പുരസ്കാരവേദി വ്യത്യസ്തമായി ആഘോഷിച്ചത്.

ഇന്നോടെക് പുരസ്കാരവേദി വ്യത്യസ്തവും ലളിതവുമായ ജന്മദിനാഘോഷങ്ങൾക്ക് സാക്ഷിയായത് ചടങ്ങിന് മധുരനിമിഷങ്ങൾ സമ്മാനിച്ചു. തെലങ്കാന ഐടി മന്ത്രി കെടി രാമറാവുവിന്‍റെ പിറന്നാൾ കാര്യം ഓർമ്മിപ്പിച്ചത് കൈരളി ടിവി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസാണ്.

ആഡംബര ചടങ്ങുകൾക്ക് താത്പര്യമില്ലാത്ത മന്ത്രിക്ക് ഒരു മിഠായി മധുരം നൽകാൻ ജോൺ ബ്രിട്ടാസ് മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയർമാനുമായ മമ്മൂട്ടിയോട് അഭ്യർത്ഥിച്ചു.

കെടിആറിന് മമ്മൂട്ടി മധുരം നൽകിയതിനു പിന്നാലെ NMDC ചെയർമാൻ എൻ ബൈജേന്ദ്ര കുമാറിന്‍റെ പിറന്നാൾ വിവരവും ജോൺബ്രിട്ടാസ് വെളിപ്പെടുത്തി. സദസൊന്നാകെ ജന്മദിനാഘോഷത്തിന് കൈയ്യടിയോടെ പിന്തുണ നൽകി.