പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടം പണിയും മുമ്പേ കാണാം, മാറ്റം വരുത്താം; കൈരളി പീപ്പിൾ ഇന്നോടെക് അവാർഡ് നേടിയ ബിൽഡ് നെക്സ്റ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ

പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടം പണിയും മുമ്പേ കാണാം, മാറ്റം വരുത്താം. പണി ഏതു നാട്ടിൽനിന്നും കാണാം; ബജറ്റ് കവിയുമെന്ന പേടിയും വേണ്ട – ഐടി വിഭാഗത്തിലെ കൈരളി പീപ്പിൾ ഇന്നോടെക് അവാർഡ് നേടിയ ബിൽഡ് നെക്സ്റ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ.

മറുനാടൻ മലയാളികൾ കാത്തിരുന്ന പദ്ധതി – ബിൽഡ് നെക്സ്റ്റിന്റെ വിശേഷണം അതാണ്. മലയാളികളിൽ മൂന്നിൽ ഒരാൾ മറുനാട്ടിലാണ്. അവരുടെ ഏറ്റവും വലിയ തലവേദന വീടുപണിയാണ്.

ലീവിനു നാട്ടിൽ വരുമ്പോൾ പ്ലാനുണ്ടാക്കി കരാറുകാർക്കു കാശും കൊടുത്ത് പോവുക, അവർ പണിയുന്ന കെട്ടിടംകൊണ്ട് തൃപ്തിപ്പെടുക അതായിരുന്നു ഇതുവരെ മറുനാടൻ മലയാളിയുടെ വീടുപണി. അത് മാറ്റിമറിക്കുന്നു ബിൽഡ് നെക്സ്റ്റ്.

പണിയാൻ ഉദ്ദേശിക്കുന്ന വീട് പണിയും മുമ്പേ കാണാം, അതിന്റെ ഓരോ മുക്കും മൂലയും അറിയാം, എന്തും ഏതും കണ്ട് ഉറപ്പിക്കാം. ഉപകരണങ്ങൾ ഉല്പാദകനിൽ നിന്ന് നേരിട്ട് കമ്പനി വിലയ്ക്ക് വാങ്ങാം.

വീട്ടുപണി കടലിനക്കരെനിന്ന് കണ്ടുകൊണ്ടിരിക്കാം. മുന്നേ നിശ്ചയിച്ച എന്തിന്റെയും നിലവാരവും നിറവും തിരുത്താം. ബജറ്റ് കവിയുമ്പോൾ സോഫ്റ്റ് വെയർ ഇങ്ങോട്ടു തിരുത്തും.

ബിൽഡ് നെക്സ്റ്റ് കൺസ്ട്രക്ഷൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് ഈ കണ്ടെത്തൽ. ബിൽഡ് നെക്സ്റ്റ് ടീമിനു വേണ്ടി ഗോപീകൃഷ്ണനാണ് ഇത് വികസിപ്പിച്ചത്. ഫിനസ് നഹയാണ് കൂടെയുള്ളത്. രാജേഷ് കൃഷ്ണ സംരംഭത്തിന് തുണയായി നില്ക്കുന്നു.

ബിൽഡ് നെക്സ്റ്റിനെ ഒരു ഭവനനിർമാണ സോഫ്റ്റ് വെയറായല്ല കാണുന്നതെന്ന് ഇന്നോടെക് അവാർഡ് നിശ്ചയിച്ച ജൂറി വിലയിരുത്തി. നാടിനെ അറിയുന്ന, പ്രവാസികളുടെ മനസ്സറിയുന്ന, അവരുടെ ആവശ്യങ്ങൾക്കുതകുന്ന ഒരു നൂതനാശയമാണ് ബിൽഡ് നെക്സ്റ്റ് എന്നും വിധികർത്താക്കൾ പറഞ്ഞു.

ഇൻഫോപാർക്ക് സ്ഥാപക സിഇഒ ജി വിജയരാഘവനും കേരള സ്റ്റാർട് അപ്പ് മിഷൻ സിഇഒ സജി ഗോപിനാഥുമാണ് ജനകീയ നാമനിർദേശത്തിലൂടെ ലഭിച്ച എൻട്രികളിൽ നിന്ന് ഇന്നോടെക് അവാർഡുകൾ നിർണ്ണയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News