ഇന്നോടെക് അവാർഡുകളിലൊന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തെരഞ്ഞെടുത്തത്; വാർത്തകളിൽ നിന്ന് മമ്മൂക്കയുടെ കണ്ണിലുടക്കിയ ആ വ്യത്യസ്ത സംരംഭത്തെ അറിയാം.

“അവർ തോട്ടികളല്ല, മനുഷ്യരാണ്, അവരെ ഓടയിൽനിന്ന് കൈ പിടിച്ചു കയറ്റൂ” – എന്നു വിളിച്ചു പറഞ്ഞുകൊണ്ട് കേരളത്തിൽ പിറന്ന സംരംഭത്തെയാണ് കൈരളി ചെയർമാന്റെ പ്രത്യേക ഇന്നോടെക് പുരസ്കാരത്തിന് മമ്മൂക്ക തെരഞ്ഞെടുത്തത്.

മാൻഹോൾ വൃത്തിയാക്കാനുള്ള റോബോട്ട് – ബൻഡിക്യൂട്ട് – ആണ് സ്വപ്നതുല്യമായ ആ നേട്ടം കൈവരിച്ചത്.

ഒരു പത്രവാർത്തയിൽനിന്നു തുടങ്ങിയ ചരിത്രമാണ് ബൻഡിക്യൂട്ടിനുള്ളത്. ഒരു പത്ര ഫോട്ടോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽപ്പെടുന്നു.

മാൻഹോളിൽ ഇറങ്ങി ഓട വൃത്തിയാക്കുന്ന ഒരു തൊ‍ഴിലാളി. കേരളത്തിൽ ഓടവൃത്തിയാക്കുന്ന അഞ്ഞൂറോളം തൊ‍ഴിലാളികളിലേയ്ക്ക് മുഖ്യമന്ത്രിയിലെ മനുഷ്യസ്നേഹിയുടെ ശ്രദ്ധയെ ആ ഫോട്ടോ നയിച്ചു.

അവർ നഗ്നരായാണ് ഓടയിലിറങ്ങുന്നത്. വെറും കൈ കൊണ്ടാണ് മാലിന്യം വാരുന്നത്. ജീവിക്കാൻ വേണ്ടി മൃഗതുല്യരായി ജോലി ചെയ്യുകയും മരണവുമായി ഒളിച്ചുകളി നടത്തുകയുമാണ് അവർ.

അവരുടെ ദുർവിധി തിരുത്താനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശമെത്തിയത് നാലു ചെറുപ്പക്കാരിലാണ് – പഠിക്കുമ്പോൾത്തന്നെ യന്ത്രമനുഷ്യനെ സൃഷ്ടിച്ച വിമൽ, റാഷിദ്, നിഖിൽ, അരുൺ എന്നിവരിൽ.

ക്യാമ്പസിൽ നിർമിച്ച റോബോട്ട് അ‍ഴിച്ചെടുത്താണ് അവർ ബൻഡിക്യൂട്ട് പണിതെടുത്തത്; സാമ്പത്തിക പ്രയാസം മൂലം.

നമ്മുടെ ദേശീയ നാണക്കേടിനുത്തരമായാണ് ബൻഡിക്യൂട്ട് പിറന്നത്. മാൻ ഹോൾ വൃത്തിയാക്കൽ തോട്ടിപ്പണിയാക്കി നിലനിർത്തിയിരിക്കുകയായിരുന്നു ഇന്ത്യ.

അതു ചെയ്യാൻ ദലിതർ നിർബന്ധിക്കപ്പെടുകയായിരുന്നു. 2013ന് ശേഷം മാത്രം 1470 പേർ മാൻ ഹോളുകളിൽ വിഷവാതകമേറ്റ് മരിച്ചു. ആന്ധ്രക്കാരായ രണ്ടു തൊ‍ഴിലാളികളും അവരെ രക്ഷിക്കാൻ ശ്രമിച്ച കേരളീയനായ നൗഷാദ് എന്ന ഓട്ടോറിക്ഷ ഡ്രൈവറും കേരളത്തിൽ മാൻഹോളിൽ മരിച്ചത് 2015ലാണ്.

തോട്ടികളെ റോബോട്ട് ഓപ്പറേറ്റർമാരാക്കൂ എന്ന് ഇന്ത്യയോടു വിളിച്ചു പറയുന്ന ഈ കണ്ടുപിടിത്തത്തിനാണ്, ഈ നാലു ചെറുപ്പക്കാർ യാഥാർത്ഥ്യമാക്കിയ മനുഷ്യസ്നേഹത്തിന്റെ നിശ്ശബ്ദവിപ്ലവത്തിനാണ്, കൈരളി ചെയർമാന്റെ, മഹാനടൻ മമ്മൂക്കയുടെ, പ്രത്യേക പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഇത് നവീന കേരളത്തിനുള്ള പുരസ്കാരമാണ്. ഇന്ത്യയെ തിരുത്താൻ കെല്പുള്ള നവ കേരളത്തിനുള്ള പുരസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel