ധനകാര്യ സ്ഥാപനങ്ങൾ കൈയൊ‍ഴിഞ്ഞു; സുഹൃത്തുക്കൾ വാശിയോടെ കൈകോർത്തു; അവരെ തിരിച്ചറിയാൻ കൊടുങ്കാറ്റൂതേണ്ടി വന്നു; ഇന്നോടെക് അവാർഡിൽ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയ സംരംഭത്തിന്റെ കഥ ഇങ്ങനെ

കരകാണാക്കടലിൽ കാണാപ്പൊന്നിനുപോകുന്ന മനുഷ്യപുത്രന്മാരുടെ ഏറ്റവും വലിയ പ്രശ്നം കമ്യൂണിക്കേഷനാണ്. നിലവിലെ സാങ്കേതിക വിദ്യ പ്രകാരം 35 കിലോ മീറ്റർ വരെ മാത്രമേ കമ്യൂണിക്കേഷൻ നടക്കൂ. ഇത് മാറ്റിമറിക്കുന്നു സീ മൊബൈൽ.

ഈ കണ്ടെത്തലിലൂടെ കരയിൽ നിന്ന് കടലിൽ 100 കിലോ മീറ്റർ വരെ വിവരങ്ങൾ കൈമാറാം. കടലിലെ ബോട്ടുകൾക്ക് 100 കിലോ മീറ്റർ വരെ പരസ്പരം സംസാരിക്കാം.

സീ മൊബൈൽ എന്താണെന്ന് ഓഖി ദുരന്ത വേളയിൽ കേരളം കണ്ടു. കൊല്ലം സീ മൊബൈൽ ടവർ അന്നു രക്ഷിച്ചത് നാനൂറോളം ബോട്ടുകളെ. നാലായിരത്തോളം മനുഷ്യ ജീവനുകളെ.

നന്ദി പറയേണ്ടത് മൂന്നു പേരോടാണ് – തോമസ് വർഗീസ്, ശ്രീനിവാസ് കരണം, സുശീൽ ജെ തര്യൻ. അവരാണ് സീ മൊബൈലിനു പിന്നിൽ.

ഒരിക്കൽ, ധനകാര്യ സ്ഥാപനങ്ങൾ സഹായിക്കാൻ മടിച്ച പദ്ധതിയാണിത്. വൻകിട പദ്ധതിയല്ല എന്നു തടസം പറഞ്ഞ്. അപ്പോൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഈ മൂവർ സംഘം മുന്നോട്ടുപോയത്. ഓഖി വിജയം എല്ലാം മാറ്റി മറിച്ചു. നെസ്റ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ കേരളത്തിലെ മു‍ഴുവൻ മത്സ്യത്തൊ‍ഴിലാളികൾക്കുമുള്ള പദ്ധതിയായി വളരാനുള്ള ഒരുക്കത്തിലാണ് സീ മൊബൈൽ.

മനുഷ്യസ്നേഹമുള്ള കണ്ടെത്തലാണ് സീ മൊബൈലെന്ന് ഇന്നോടെക് അവാർഡ് ജൂറി വിലയിരുത്തി. കേരള തീരങ്ങളുടെ സുരക്ഷാകവചമായി സീ മൊബൈൽ വിജയഗാഥകൾ രചിക്കട്ടെ എന്നും ജൂറി ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel