വലിയ ആശ്വാസത്തോടെയാണ് രാജ്യത്തെ സ്ത്രീകല്‍ ആ വാര്‍ത്ത കേട്ടത്. ജിഎസ്ടി കൗണ്‍സില്‍ സാനിട്ടറി നാപ്കിന്‍റെ നികുതി 12 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയെന്ന്.

27 -ാം തീയതി മുതല്‍ കുറഞ്ഞ വില പ്രാബല്യത്തില്‍ വരുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. പക്ഷേ ഇതുവരെ വിപണിയില്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നിട്ടില്ല.

സാനിട്ടറി നാപ്കിനുകള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങളാണ് രാജ്യത്തുണ്ടായത്. നാപ്കിനുകളില്‍ നിവേദനം രേപ്പെടുത്തി മോദിയടക്കമുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഇത്തരം പ്രതിഷേധങ്ങളുടെ ഫലമായാണ് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ യോഗത്തില്‍ സാനിട്ടറി നാപ്കിനുകളുടെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഇതനുസരിച്ച്, ഏകദേശം 40 രൂപ വില വരുന്ന സാനിട്ടറി നാപ്കിനിന്‍റെ പായ്ക്കറ്റിന് നാല് രൂപയുടെ വരെ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതാണ്.

എന്നാല്‍, ഇന്നലെ പുതിയ നികുതി ഘടന നടപ്പില്‍ വന്നിട്ടും ലേഡീസ് സ്റ്റോറുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഇന്നലെ മുതല്‍ വില്‍പ്പന വിലയില്‍ വരുന്ന കുറവ് മൂലമുണ്ടാവുന്ന നഷ്ടം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴി നികത്തി ലഭിക്കുമെന്നിരിക്കെയാണ് വ്യാപാരികള്‍ വിലകുറയ്ക്കാന്‍ തയ്യാറാവാതിരിക്കുന്നത്.