കോളേജ് ബസ്സ് മലയിടുക്കിലേക്ക് വീണ് 33 പേർ മരിച്ചു; 800 അടി താഴേക്ക് പതിച്ച ബസിൽ നിന്നും ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു – Kairalinewsonline.com
Latest

കോളേജ് ബസ്സ് മലയിടുക്കിലേക്ക് വീണ് 33 പേർ മരിച്ചു; 800 അടി താഴേക്ക് പതിച്ച ബസിൽ നിന്നും ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

സാരമായ പരിക്കുകളോടെ മലയിടുക്ക് പിടിച്ചു കയറിയ സാവന്ത് മൊബൈലിൽ ബന്ധപ്പെട്ടാണ് സഹായം തേടിയത്

മുംബൈ : മഹാരാഷ്ട്രയിലെ ദപോളി അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള 34 പേരടങ്ങുന്ന സംഘമാണ് മഹാബലേശ്വറിലേക്കുള്ള യാത്രയിൽ റായ്ഗഡിലെ അമ്പനാലി മലമ്പാതയിൽ വച്ച് ബസ്സപകടത്തിൽ പെട്ടത്.

ബസ് നിയന്ത്രണം വിട്ടു 800 അടി താഴേക്ക് നിലം പതിക്കുകയായിരുന്നു. യാത്രക്കാരിൽ 33 പേർ മരണപ്പെട്ടു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മരണപ്പെട്ടവർ 30നും 45നും വയസ്സിന് ഇടയിലുള്ളവരാണെന്നും ചിലർ അവിവാഹിതരാണെന്നും പോലീസ് അറിയിച്ചു.

വിനോദ കേന്ദ്രമായ മഹാബലേശ്വർ ഹിൽ സ്റ്റേഷനിലേക്ക് സ്റ്റഡി ടൂറിനായി പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കൊങ്കൺ കൃഷി വിദ്യാപീഠത്തിലെ എഞ്ചിനീയറിംഗ് വകുപ്പിലെ സ്റ്റാഫ് മഹാബലേശ്വറിലെ ഗോതമ്പ് ഗവേഷണ കേന്ദ്രത്തിലേക്കും വിനോദ കേന്ദ്രമായ ഹിൽ സ്റ്റേഷനിലേക്കും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള യാത്രയായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. ഡിപ്പാർട്മെന്റിലെ പ്രകാശ് സാവന്ത് ദേശായി മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ട ബസിലെ ഏക യാത്രക്കാരൻ.

ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞപ്പോൾ മലയിടുക്കിലെ മരച്ചില്ലകളിൽ ഉടക്കി അല്പ നേരം നിന്നു . ഈ സമയം പുറത്തേക്ക് ചാടിയ സാവന്തിന് യാദൃശ്ചികമായി പിടുത്തം കിട്ടിയ മരക്കൊമ്പിൽ തൂങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ബസ് 800 അടി താഴേക്ക് പതിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ മലയിടുക്ക് പിടിച്ചു കയറിയ സാവന്ത് മൊബൈലിൽ ബന്ധപ്പെട്ടാണ് സഹായം തേടിയത്.

മഴ പെയ്തു ചളി പിടിച്ച കുത്തനെയുള്ള റോഡിലൂടെയുള്ള യാത്രക്കിടയിൽ മലഞ്ചരിവിലെ വളവിൽ ടയർ തെന്നി ഡ്രൈവർക്ക് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് ദുരന്തത്തെ അതിജീവിച്ച പ്രകാശ് സാവന്ത് പോലീസിൽ മൊഴി നൽകി. മരണപ്പെട്ട മുഴുവൻ പേരും യൂണിവേഴ്സിറ്റി സ്റ്റാഫാണ്. യൂണിവേഴ്സിറ്റിയിലെ രണ്ടു പേർ കൂടി ഈ സംഘത്തോടൊപ്പം യാത്ര ചെയ്യുവാനിരുന്നതാണ്. അവസാന നിമിഷം അവർ പിൻവാങ്ങുകയായിരുന്നു.

 

To Top