സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം. പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാംപെയ്ന്‍ തുടങ്ങിയ ഫോട്ടോഗ്രാഫര്‍ സുഭാഷ് മന്ത്ര പിടിയില്‍. പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ പീഡിപ്പിച്ച വിവരം തുറന്നുപറഞ്ഞത്.

പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ സംഭവത്തില്‍ വനിതാ സെല്‍ ഇടപെടുകയും പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

സിനിമാ മേഖലയുമായി ബന്ധമില്ലാത്ത സുഭാഷ് തനിക്ക് സിനിമയില്‍ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടികളെ സമീപിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ചില ചെറുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും സിനിമാ മേഖലയുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല. സിനിമയ്ക്ക് ആണെന്ന വ്യാജേന ഇയാള്‍ ഫോട്ടോ ഷൂട്ടുകളും നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊച്ചിയിലെ തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാംപെയ്ന്‍ തുടങ്ങിയ വ്യക്തിയാണ് സുഭാഷ്. വോയെജ് ഓഫ് ടൈം ഫോട്ടോ ഷൂട്ടിന്റെ ക്രിയേറ്റീവ് ഹെഡായിരുന്നു ഇയാള്‍.