ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവം: വിശ്വനാഥന്‍ അറസ്റ്റില്‍

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് എറണാകുളം എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഹനാനെതിരെ ഫേസ് ബുക്കില്‍ അശ്ലീല പരാമാര്‍ശം നടത്തിയതിനാണ് വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്.

വിശ്വനാഥന്‍ ചെറായി എന്ന പേരിലുള്ള ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വ‍ഴിയാണ് വിശ്വനാഥന്‍ ഹനാനെ അധിക്ഷേപിച്ചത്. ഹനാനെ അധിക്ഷേപിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും അപകീര്‍ത്തികരമായ രീതിയില്‍ അശ്ലീല പരാമര്‍ശം നടത്തിയത് വിശ്വനാഥനാണെന്ന് പോലീസ് കണ്ടെത്തി.

ഇതെ തുടര്‍ന്ന് ഗുരുവായൂര്‍ സ്വദേശിയായ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശ്വനാഥന്‍ ചെറായി എന്ന ഫേസ് ബുക്ക് അക്കൗണ്ട് തന്‍റെയാണെന്നും ഹനാനെതിരെ മോശമായ രീതിയില്‍ എ‍ഴുതിയത് താനാണെന്നും ചോദ്യം ചെയ്യലില്‍ വിശ്വനാഥന്‍ സമ്മതിച്ചു.

ഇതെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഐ ടി ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.ഹനാനെ അധിക്ഷേപിച്ച സംഭവത്തില്‍ ക‍ഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത നൂറുദ്ദീന്‍ ഷെയ്ഖിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

പ്രാധമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ തെറ്റുകാരനല്ലെന്ന് കണ്ടാണ് വിട്ടയച്ചത്.അതേ സമയം ഹനാനെ അധിക്ഷേപിച്ച കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.വ്യാജ പേരില്‍ ഫേസ് ബുക്കില്‍ അക്കൗണ്ട് രൂപീകരിച്ച് ഇതു വ‍ഴി ഹനാനെ ആരെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പഠനം മുന്‍പോട്ട് കൊണ്ടുപോകാനും കുടുംബം പുലര്‍ത്താനുമായി കൊച്ചി തമ്മനത്ത് വീന്‍ വില്‍പ്പന നടത്തിവന്ന ഹനാന്‍റെ ജീവിതം വാര്‍ത്തയായതിനു പിറകെ നിരവധിപേര്‍ അപവാദ പ്രചരണവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തിറങ്ങിയിരുന്നു.

ഇതെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.ഇതെ തുടര്‍ന്നാണ് പോലീസ് നടപടി ഊര്‍ജ്ജിതമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News