സംഭവം മറ്റെങ്ങുമല്ല, കോട്ടയം കാഞ്ഞിരപ്പാറയിലാണ്. മോഷണത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കള്ളന്‍ കയ്യില്‍ കരുതിയ ടെക്സ്റ്റൈല്‍ ഷോപ്പിന്‍റെ സഞ്ചി മറന്നുവെച്ചത്.

വീടിനടുത്തുള്ള ടെക്സ്റ്റൈല്‍ ഷോപ്പിന്‍റെ ഈ സഞ്ചി വെച്ച് അധികം വൈകാതെ പൊലീസ് കള്ളനെ പിടികൂടുകയും ചെയ്തു.

തോട്ടയ്ക്കാട് ഗവണ്‍മെന്‍റ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മുകേഷ് കുമാറിനാണ് മറവി വിനയായത്. മോഷണം നടന്ന വീട്ടില്‍ പൊലീസ് പരിസോധന നടത്തുമ്പോ‍ഴാണ് സഞ്ചി ലഭിച്ചത്.

തങ്ങളുടേതല്ലെന്ന് വീട്ടുകര്‍ അറിയിച്ചതോടെയാണ് സഞ്ചിയെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചത്.

സഞ്ചിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് മുകേഷിന്‍റെ വീടിനടുത്ത് അന്വേഷണം നടത്തിയ ഷാഡോ സംഘം ഇയാള്‍ നാട്ടിലെത്തിയാല്‍ അറിയിക്കണമെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ടു.

ഇങ്ങനെ നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് മുകേഷിനെ പൊലീസ് പിടികൂടിയത്.

പരിസരത്ത് നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് മുകേഷ് കുമാര്‍. പള്ളികളുടെ കാണിക്കവഞ്ചിയും കുരിശടിയും തകര്‍ത്ത് ഇയാള്‍ പണം കവര്‍ന്നിരുന്നതായും പൊലീസ് പറഞ്ഞു