ഭരണ നിര്‍വ്വഹണം പൊതുജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മറക്കരുത്; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത് – Kairalinewsonline.com
Kerala

ഭരണ നിര്‍വ്വഹണം പൊതുജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മറക്കരുത്; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

ഓരോ അപേക്ഷകരോടും മനുഷ്യത്വപരമായി പെരുമാറണം

ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന ഉദ്യോഗസ്ഥരടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒന്നര വര്‍ഷമായി റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ എടത്തല സ്വദേശി മുളയന്‍കോട് അബ്ദു റഹ്മാന്‍ ക‍ഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

സര്‍ക്കാര്‍ ഒാഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തുന്ന ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ്. ഓരോ അപേക്ഷകരോടും മനുഷ്യത്വപരമായി പെരുമാറണം.

അപേക്ഷകളെകുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അവര്‍ക്ക് നല്‍കണം. സര്‍ക്കാറിന്‍റെ ഈ നയം ഭരണത്തിന്‍റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഉദ്യോഗസ്ഥരുടെ ഓരോ യോഗത്തിലും ഈ കാര്യങ്ങള്‍ ആവര്‍ത്തിക്കാറുമുണ്ട്. ഭൂരിപക്ഷം പേരും ഈ നിര്‍ദേശങ്ങളോട് അനുകൂലമായാണ് പ്രതികരിക്കുന്നത് എന്നാലും ഇപ്പ‍ഴും കാര്യങ്ങള്‍ മനസ്സിലാവാത്ത ചിലരുണ്ടെന്നാണ് ക‍ഴിഞ്ഞ ദിവസം ആലുവയില്‍ നടന്ന സംഭവം തെളിയിക്കുന്നത്.

എല്ലാ അപേക്ഷകളും ഒറ്റ ഓഫീസില്‍ തീരുമാനമാക്കാന്‍ ക‍ഴിഞ്ഞെന്നുവരില്ല. എന്നാല്‍ അപേക്ഷകരെ അധിക ദിവസം ഓഫീസുകളില്‍ കയറ്റിയിറക്കാതെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

ഭരണ നിര്‍വഹണം പൊതുജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഉദ്യോഗസ്ഥര്‍ മറന്നുപോവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

To Top