കുട്ടികളുടെ അമിതഭാരത്തില്‍ കേരളം രണ്ടാമത്; പലരും ജീവിതശൈലി രോഗങ്ങളുടെ പിടിയില്‍

തിരുവനന്തപുരത്തെ ഒരു പ്രമുഖപ്രമേഹ രോഗവിദദ്ധനെതേടി അടുത്തിയെ ഒരു പത്തുവയസ്സുകാരന്‍ എത്തി.

തലകറക്കം,തളര്‍ച്ച, എപ്പോ‍ഴും മൂത്രശങ്ക എന്നിങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍
അച്ഛനും അമ്മയും പറഞ്ഞു.ഭാരം നോക്കിയപ്പോള്‍ ഡോക്ടര്‍ ഞെട്ടിപ്പോയി.പത്തുവയസ്സുകാരന്‍റെ ഭാരം 56 കിലൊ.
പ്രാഥമിക പരിശോധനയില്‍ തന്നെ പ്രമേഹ സൂചനകള്‍ കണ്ടു. കുട്ടിയുടെ ഭക്ഷണ രീതികള്‍ അപകടകരമായിരുന്നു. ചായയോ കാപ്പിയോ പാലോ ഒന്നുമായിരുന്നില്ല പ്രധാന പാനീയം.ഒരു ദിവസം പലപ്പോ‍ഴായി ഒരു ലിറ്ററെങ്കിലും “കോള”അകത്താക്കും.

ഭക്ഷണം ക‍ഴിക്കുന്നതിന് കൃത്യസമയക്രമമൊന്നും ഇല്ല.മിക്കവാറും രാവിലെ ഒന്നും ക‍ഴിക്കാതെയാണ് സ്ക്കൂളില്‍ പോകുന്നത്.

അതിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ അമ്മ നലിയ മറുപടി വിചിത്രമായിരുന്നു “രാവിലെ തിരക്കോട് തിരക്കാണ്.

എന്തെങ്കിലും ക‍ഴിക്കാന്‍ പറഞ്ഞാല്‍ വിശപ്പില്ലെന്ന് പറയും.ഒരു ഗ്ളാസ് കോ‍ള കുടിച്ചാണ് സ്ക്കൂളില്‍ പോകുന്നത്”

സ്ക്കൂളില്‍ ഇടവേളയാവുമ്പോ‍ഴേയ്ക്കും കുട്ടിക്ക് നന്നായി വിശക്കും.വീട്ടില്‍ നിന്ന് കൊടുത്തയച്ച മീറ്റ്റോളോ ബര്‍ഗറോ ക‍ഴിക്കും.

വിശപ്പ് മാറ്റാന്‍ രണ്ടോമൂന്നോ എണ്ണം വേണം. ഉച്ചക്കും രാത്രിയും ഇറച്ചി നിര്‍ബന്ധമാണ്.ഇടയ്ക്ക് വിശന്നാല്‍ പപ്സ് ആണ് അവന്‍റെ ഇഷ്ടഭക്ഷണം.

“കുട്ടി എത്ര സമയം കളിക്കും?”

അമ്മ നല്കിയ മറുപടി ഇങ്ങനെ,

“കമ്പം വീഡിയോ ഗെയിമുകളോടാണ്.ഇടക്ക് ചെസ്സും കളിക്കും. മറ്റ് കളികള്‍ക്കൊന്നും ഫ്ളാറ്റില്‍ സ്ഥലം ഇല്ല”
പത്താം വയസ്സില്‍ തന്നെ പ്രമേഹത്തിന്‍റെ പിടിയിലായ ഈ കുട്ടി ജീവിതചര്യകള്‍ ഇതുപോലെ തുടര്‍ന്നാല്‍ അധികം താമസ്സിക്കാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊ‍ഴുപ്പിന്‍റെ അമിതസാന്നിധ്യം മൂലമുണ്ടാകുന്ന അരോഗ്യ പ്രശ്നങ്ങള്‍, ഓര്‍മ്മക്കുറവ് എന്നിങ്ങനെ പലതിന്‍റേയും പിടിയിലാകും.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നഗരവല്‍ക്കരണത്തോടും ആധുനിക ജീവിതശൈലികളോടുമൊപ്പം കേരളത്തിലെ ഒരു വിഭാഗം കുട്ടികള്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു.

കുട്ടികളില്‍ ജീവിതശൈലീരോഗങ്ങള്‍
————————————————
ദേശീയ ആരോഗ്യ സര്‍വെ “അമിതവണ്ണം” രാജ്യം നേരിടുന്നപ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നായി ചൂണ്ടികാണിക്കുന്നു.

കുട്ടികള്‍ക്കിടയിലെ അമിതവണ്ണത്തിന്‍റെ കാര്യത്തില്‍ പഞ്ചാബ് ആണ് ഒന്നാമത്.കേരളം രണ്ടാംസ്ഥാനത്തും. കേരള ആരോഗ്യവകുപ്പ് സംസ്ഥാനത്തെ 1500 സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇവരിലെ പകുതിയോളം കുട്ടികള്‍ക്ക് ജീവിതശൈലീ രോഗങ്ങള്‍ ഉളളതായി കണ്ടെത്തിയിരുന്നു.

തെറ്റായ ഭക്ഷണ രീതികള്‍,വ്യായാമത്തിന്‍റെ അഭാവം,പരസ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളെ ആകര്‍ഷിക്കുന്ന പോഷകാഹാരം കുറഞ്ഞതും രുചിക്കായി കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കളുടെ സാന്നിധ്യം തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്.

കെ എഫ് സി,മെക്ക്ഡൊണാള്‍ഡ് തുടങ്ങിയ ആഗോള “ജംഗ്ഫുഡ്”ഭീമന്‍മാര്‍ കേരളത്തിലെ നഗരങ്ങളിലും മധ്യവര്‍ഗ്ഗ കുടുംബങ്ങളിലും ഇതിനകം ഇടം നേടിയിട്ടുണ്ട്.

മുക്കിലും മൂലയിലും ഇവയുടെ പരസ്യങ്ങള്‍കാണാം. ഇവിടങ്ങളില്‍ പോയി കുട്ടികള്‍ക്ക് വിലപിടിപ്പേറിയ ഭക്ഷണം വാങ്ങികൊടുക്കുക എന്നത് പലര്‍ക്കും “മാന്യത”യുടെ മാനദണ്ധമായി മാറിയിരിക്കുന്നു.

ഇവയെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ ഹോട്ടലുകളിലൂടെ വില്ക്കുന്ന ജംഗ്ഫുഡുകള്‍ക്ക്മേല്‍ 14.5% നികുതി ചുമത്തിയിരുന്നു.

ഇത്തരം നികുതിയിലൂടെ പല യൂറോപ്പ്യന്‍ രാജ്യങ്ങളും കൊ‍ഴുപ്പ് കലര്‍ന്ന
ഭക്ഷണങ്ങളുടെ സാന്നിധ്യം കുറച്ചിട്ടുണ്ട്.

2016ല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കൊ‍ഴുപ്പ് നികുതി ഏര്‍പ്പെടുത്തിയ ധനമന്ത്രി തോമസ് എെസക് ഉദ്യമത്തെ ഇങ്ങനെയാണ് ന്യായീകരിച്ചത്,

“കൊ‍ഴുപ്പ് കലര്‍ത്ത കൃത്രിമ ഭക്ഷണം കുട്ടികള്‍ ഉള്‍പ്പെടെയുളളവരില്‍ വലിയ രീതിയില്‍ ഉളളആരോഗ്യപ്രശ്നങ്ങ‍ളാണ് ഉണ്ടാക്കുന്നത്. ഇത് നിരുത്സാഹപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് സര്‍ക്കാര്‍ നടപടി.”

കളിസ്ഥലങ്ങള്‍ എവിടെ?
———————————
കുട്ടികള്‍ക്കിടയിലെ അമിതവണ്ണത്തിന്‍റെ പ്രധാനകാരണം ശരീരം അനങ്ങിയുളള കളികളുടെ അഭാവമാണ്.എന്നാല്‍
ഇന്ന് പലവീടുകളിലും കുട്ടികള്‍ക്ക് ഓടികളിക്കാനുളള സ്ഥലമില്ല.ഗ്രാമങ്ങളില്‍ പോലും മൈതാനങ്ങള്‍ ഇല്ല.

തിരുവനന്തപുരം ഗവ.ഹോമിയോപതി കോളേജിലെ ക്ളിനിക്കല്‍ ഡയറ്റിഷ്യനായ ജെ എസ് സാജു വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളിലേയ്ക്കും വിരല്‍ ചൂണ്ടുന്നു,

“പലകുട്ടികളിലും പോഷകാഹാരങ്ങളുടെ അമിതമായ സാന്നിധ്യം കാണുന്നു. ഇവ ഉപയോഗിക്കപ്പെടാതെ ശരീരത്തില്‍ അടിഞ്ഞുകൂടി കിടക്കുകയാണ്.

ശരീരമനങ്ങി കളിക്കുക എന്നതാണ് പരിഹാരം.എന്നാല്‍ പലവിദ്യാലയങ്ങളിലും ഇന്ന് മൈതാനങ്ങള്‍ ഇല്ല, പ്രത്യേകിച്ച് സ്വകാര്യസ്വാശ്രയ സ്ക്കൂളുകളില്‍”

നിയമം കൊണ്ടോ നിയന്ത്രണങ്ങള്‍ക്കൊണ്ടോ നിയന്ത്രിക്കാവുന്ന പ്രശ്നമല്ലിത്. യാഥാര്‍ത്ഥബോധത്തോടെ രക്ഷിതാക്കള്‍
പ്രവര്‍ത്തിക്കുക എന്നതാണ് ഏകമാര്‍ഗ്ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News