കൊച്ചി: എറണാകുളം നഗരത്തിലൂടെ കൊച്ചുകുട്ടിയെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിതാവിന്റെ അതിരു കടന്ന സാഹസികത. ഇടപ്പളളി ലുലുമാളിന് മുന്നിലെ തിരക്കേറിയ റോഡിലൂടെയാണ് അച്ഛനെയും അമ്മയെയും ഇരുത്തി കൊച്ചുകുട്ടി സ്‌കൂട്ടര്‍ അതിവേഗത്തില്‍ ഓടിക്കുന്നത്.

എറണാകുളം നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടപ്പളളി ലുലുമാളിന് മുന്നിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണിത്. ഹാന്‍ഡിലില്‍ കഷ്ടിച്ച് കൈ എത്താന്‍ മാത്രം പ്രായമായ ഏഴ് വയസ്സില്‍ താഴെയുളള കൊച്ചുപെണ്‍കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിക്കുന്നത്.

കുട്ടിയുടെ പിന്നില്‍ ഇരിക്കുന്നവരെ കാണുമ്പോഴാണ് അതിര് കടന്ന സാഹസികതയുടെ നേര്‍ക്കാഴ്ച ശരിക്കും മനസ്സിലാകുക. അച്ഛനും അമ്മയും അച്ഛന്റെ മടിയില്‍ ഒരു പിഞ്ചുകുഞ്ഞും. ഇവരെ ഇരുത്തിക്കൊണ്ടാണ് ഈ കൊച്ചുകുട്ടി ആക്ടീവ സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിക്കുന്നത്.

മകളുടെ സ്‌കൂട്ടര്‍ ഓടിക്കല്‍ ആ അച്ഛനും അമ്മയും പിറകിലിരുന്ന് നന്നായി ആസ്വദിക്കുന്നതും കാണാം. സമീപത്ത് കൂടി കടന്ന് പോകുന്ന കാര്‍ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സ്‌കൂട്ടറിനെ മറികടന്നു പോകുന്ന യാത്രക്കാരന്‍ ഈ കുടുംബത്തെ ചീത്ത വിളിക്കുന്നതും കേള്‍ക്കാം. റോഡുകളില്‍ ദിനംപ്രതി അശ്രദ്ധ മൂലം നിരവധി ജീവനുകള്‍ പൊലിയുമ്പോഴാണ് ഇത്തരത്തില്‍ കടുത്ത നിയമലംഘനം നടക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും വകുപ്പുകളുണ്ട്.

എന്തായാലും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ക്യാപ്ക്ഷനോടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.